കാഞ്ഞങ്ങാട്: പട്ടിക ജാതി-പട്ടിക വർഗ്ഗക്കാർക്ക് കൃഷി ഭൂമി വാങ്ങാൻ സർക്കാർ അനുവദിക്കുന്ന ആനുകൂല്യത്തിലും തട്ടിപ്പ് നടക്കുന്നു. സർക്കാരിൽ നിന്നും പത്ത് ലക്ഷം രൂപ ലഭിക്കുന്നുണ്ടെങ്കിലും പകുതി വിലയ്ക്ക് ഉൾനാടൻ പ്രദേശങ്ങളിൽ ഭൂമി സമ്പാദിച്ച് അവശേഷിക്കുന്ന ആനുകൂല്യം പണമായി കൈക്കലാക്കുന്നതാണ് രീതി. ഇതര ജാതിക്കാരായ ദാരിദ്ര കുടുംബങ്ങളെ സമീപിച്ചാണ് ആനുകൂല്യം ദുരൂപയോഗിക്കുന്നത്. ഇത്തരം ഒരു സംഭവവും ഇതേ തുടർന്നുണ്ടായ ദയനീയ അവസ്ഥയും ഒരു കുടുംബം കേരളകൗമുദിയോട് വെളിപ്പെടുത്തി.

കാഞ്ഞങ്ങാടിന് സമീപത്തെ ഒരു ഗ്രാമ പഞ്ചായത്തിൽ ഓലപ്പുരയിലാണ് തീയ്യ വിഭാഗത്തിൽ പെട്ട കുടുംബം താമസിച്ചിരുന്നത്. പത്ത് വർഷം മുൻപ് അൻപത് സെന്റ് സ്ഥലം വാങ്ങിയാണ് ഇവർ താമസം തുടങ്ങിയത്. പെൺകുട്ടി വിവാഹ പ്രായമായിട്ടും സർക്കാരിൽ നിന്നും വീടൊന്നും ലഭിക്കാത്തതോടെ ഇവർ ആശങ്കയിലായി. സ്ഥലം വിറ്റെങ്കിലും ഒരു വീടിന് പണം കണ്ടെത്താനായി പിന്നീടുള്ള ശ്രമം. ഒടുവിൽ ഒ.എൽ.എക്സിൽ പരസ്യം നൽകിയതോടെ ഈ സ്കീമിൽ ആനുകൂല്യം ലഭിക്കുന്ന രണ്ടു സ്ത്രീകൾ സമീപിച്ചു. ഇരുപത്തിയഞ്ച് സെന്റ് സ്ഥലം വീതം തങ്ങൾ വാങ്ങിക്കോളാമെന്നും സർക്കാർ ആനുകൂല്യം ലഭിച്ചാൽ ബാക്കി തിരിച്ച് നൽകണമെന്നുമായിരുന്നു ധാരണ.

6.30 ലക്ഷം രൂപ നിരക്കിൽ രണ്ട് പേർക്കും സ്ഥലം പകുത്ത് നൽകി 2019 ഒക്ടോബർ മാസത്തിലായിരുന്നു രജിസ്ട്രേഷൻ. ഒരാഴ്ചയ്ക്കകം പണം ലഭിക്കുമെന്ന ഉറപ്പിൽ ഇവർ ഓലപ്പുരയിലെ താമസം ഒഴിഞ്ഞ് വാടക വീട്ടിലേക്ക് മാറി. എന്നാൽ ഫണ്ട് ലഭിക്കാൻ ഏറെ വൈകുകയായിരുന്നു. ഇതിനിടെ ഗൃഹനാഥന് അസുഖം ബാധിച്ചതോടെ വാടക നൽകാനും നിത്യ ചെലവിന് പോലും വഴിമുട്ടി. കുടുംബം അധികൃതരെ പല തവണ സമീപിച്ചതോടെ കഴിഞ്ഞ ദിവസം സ്ഥലം വാങ്ങിയതിൽ ഒരാളുടെ ഫണ്ട് മാത്രം പഴയ സ്ഥലം ഉടമയുടെ അക്കൗണ്ടിലേക്ക് എത്തി. ഇതോടെ പുതുതായി സ്ഥലം വാങ്ങിയ വ്യക്തി സമീപിച്ച് സർക്കാരിൽ നിന്നും ലഭിച്ച ആനുകൂല്യത്തിലെ അവശേഷിക്കുന്ന തുക വേണമെന്ന് ആവശ്യപ്പെടുകയാണ്.

ഒരാളുടെ ഫണ്ട് മാത്രമേ ഇത്രയും മാസത്തെ കാത്തിരിപ്പിന് ഒടുവിൽ വന്നിട്ടുള്ളൂയെന്നും ഒരാഴ്ചയുടെ കാലാവധി പറഞ്ഞ് ഏഴ് മാസം തങ്ങളെ ദുരിതത്തിലാക്കിയതിനാൽ ചെറിയൊരു തുക നഷ്ട പരിഹാരം കഴിച്ച് ബാക്കിയേ തരാനാകൂ എന്നുമാണ് തീയ്യ വിഭാഗത്തിൽ പെട്ട കുടുംബത്തിന്റെ വാദം. അതേസമയം ഈ ഫണ്ടിന്റെ ബാക്കി തുക കിട്ടാനുള്ള ഉറപ്പിനായി പഴയ സ്ഥലം ഉടമയ്ക്ക് 4,40,000 രൂപ അഡ്വാൻസായി നൽകിയിട്ടുണ്ടെന്ന് എഗ്രിമെന്റ് ഒപ്പിടീച്ച് വാങ്ങിയിരുന്നു. ആനുകൂല്യം കിട്ടുമ്പോൾ ഇത് തിരിച്ച് തരാമെന്നാണ് വ്യവസ്ഥയെന്നും അത് ലംഘിച്ചാൽ കേസ് കൊടുക്കുമെന്നും പട്ടിക ജാതി വിഭാഗത്തിൽ പെട്ട കുടുംബം ഭീഷണി തുടങ്ങിയിട്ടുണ്ട്. എന്നാൽ സർക്കാരിൽ നിന്നും മാന്യമായ ഒരു തുക കിട്ടിയാൽ അതിലൊരു വിഹിതം നിങ്ങൾക്ക് തരാൻ പ്രയാസമുണ്ടായിരുന്നില്ലെന്നും ഇത്രത്തോളം കാലം നീണ്ടതിനാൽ പഴയ ധാരണ അംഗീകരിക്കില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. സർക്കാരിൽ നിന്നുള്ള ആനുകൂല്യം കൈമാറുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഫോൺ കാൾ റെക്കോഡാണ് ഇവർക്ക് തെളിവായി ആകെ കയ്യിലുള്ളത്.

അതേസമയം നിയമ വിരുദ്ധമായ ഇത്തരം ഒരു ധാരണയും ഡിപ്പാർട്ട്മെന്റിന്റെ അറിവോടെയല്ലെന്നാണ് പട്ടിക ജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഏറ്റവും കുറഞ്ഞത് 25 സെന്റ് സ്ഥലം വാങ്ങണമെന്നാണ് വ്യവസ്ഥ. പത്ത് ലക്ഷം രൂപയിൽ എത്രത്തോളം സ്ഥലം കിട്ടുമെങ്കിൽ അത്രയും വാങ്ങാമെന്നും അധികൃതർ പറയുന്നു.