കാസർകോട്: കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കാനായി പഠന റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്താൻ ജനകീയ കൂട്ടായ്‌മ.

ജില്ലയ്ക്ക് 35 വ.സാകുന്ന ഈഘട്ടത്തിലെങ്കിലും വടക്കൻ കേരളത്തിന്റെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി എയിംസ് ഇവിടെ തന്നെ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഈ ലക്ഷ്യം നേടുന്നതിനായി ലോക്ക് ഡൗൺ കാലത്ത് തന്നെ വാട്സ് ആപ് കൂട്ടായ്‌മയ്ക്ക് രൂപം നൽകി പ്രവർത്തനം സജീവമാക്കി.

രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രഗത്ഭർ, അദ്ധ്യാപകർ, ഡോക്ടർമാർ, പൊതുപ്രവർത്തകർ, പരിസ്ഥിതി, ആരോഗ്യ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവർ തുടങ്ങി വിവിധ രംഗത്തുള്ളവർ നവമാധ്യമ കൂട്ടായ്മയിൽ അണിചേർന്നിട്ടുണ്ട്. പി.പി.കെ പൊതുവാൾ ചെയർമാനും രാജേന്ദ്രൻ കൺവീനറുമായ വാട്സ്ആപ് കൂട്ടായ്മയിൽ ഡോ. അംബികാസുതൻ മാങ്ങാട്, ഡോ. സി. ബാലൻ, അഡ്വ. സി. ഷുക്കൂർ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പ്രൊഫ. എം.എ. റഹ്‌മാൻ തുടങ്ങിയവരാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തെ തുടർന്ന് ആയിരങ്ങൾക്ക് രോഗം ബാധിക്കുകയും കൊവിഡ് 19 വന്നപ്പോൾ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള പ്രദേശം എന്നനിലയിലും അറിയപ്പെട്ടുവെങ്കിലും ആരോഗ്യ രംഗത്ത് കാസർകോട് ജില്ല ഇന്നും വട്ടപ്പൂജ്യമാണ്. സർക്കാർ ആശുപത്രികളുടെ സ്ഥിതി അല്പം മെച്ചപ്പെട്ടുവെങ്കിലും ഡോക്ടർമാരുടെ സേവനം ഇപ്പോഴും പരിമിതമാണ്. ഉന്നത ചികിത്സയ്ക്കായി എന്നും കർണ്ണാടകയിലെ ആശുപത്രികളെയും മെഡിക്കൽ കോളേജുകളെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന കാസർകോടുകാരുടെ ദുരന്തം കൊവിഡ് കാലത്താണ് ജനങ്ങൾ നേരിട്ട് അനുഭവിച്ചത്. ഈയൊരു പശ്ചാത്തലത്തിലാണ് എയിംസിനായി പൊരുതാൻ ജനങ്ങൾ ഒന്നടങ്കം ഒരുമിക്കുന്നത്.

പ്രഖ്യാപനം 2015ൽ

കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് 2015 ലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എയിംസ് സ്ഥാപിക്കുന്നതിനായി നാല് സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ കേരളത്തിന് എയിംസ് അനുവദിച്ചാൽ സ്ഥാപിക്കുന്നതിനായി കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ സ്ഥലം കണ്ടെത്തി അറിയിക്കാമെന്നും കേന്ദ്രത്തിന് സംസ്ഥാന സർക്കാർ ഉറപ്പു നൽകി. എയിംസ് അനുവദിക്കുമെന്ന് മുൻ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നദ്ദ പ്രഖ്യാപിച്ചതിനെ തുടർന്ന് കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.പി പി. കരുണാകരന്റെ നേതൃത്വത്തിൽ കേന്ദ്രത്തെ സമീപിച്ചു സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ പിന്നീട് കേരളത്തിന് ഇത്തവണ എയിംസ് ഇല്ലെന്ന് കേന്ദ്രം തീർത്തുപറയുകയായിരുന്നു.

പെരിയയിൽ അനുവദിക്കുമെന്ന് കേട്ട മെഡി. കോളേജ് മറ്റൊരു ജില്ലയിലേക്ക് കടത്തി

ഉക്കിനടുക്കയിൽ നിർമ്മാണം തുടങ്ങിയ ഗവ. മെഡി. കോളേജ് പൂർണമായില്ല

അതിപ്പോൾ കൊവിഡ് ആശുപത്രി മാത്രമായി പ്രവർത്തിക്കുന്നു