e-paper

കണ്ണൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുകയാണ് വളപട്ടണം മുനമ്പ്കടവ്. ജില്ലാ ആസ്ഥാനത്തു നിന്ന് 23 കിലോമീറ്ററും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗം. വളപട്ടണം പുഴ മലയോരത്തു നിന്ന് രണ്ട് കൈവഴികളായി ഒഴുകി ഇവിടെയെത്തുന്നു. പഴയകാല വ്യവസായ പട്ടണങ്ങളായ ശ്രീകണ്ഠപുരം, ഇരിക്കൂർ എന്നിവിടങ്ങളിൽ നിന്നും വളപട്ടണത്തിലേക്ക് വരുന്ന യാത്രാമാർഗത്തിന്റെ പ്രധാന ജംഗ്ഷനായിരുന്നു ഇവിടം. ജലസമൃദ്ധമായ ജലാശയത്തിന്റെ പ്രതീതിയുണ്ട് ഇവിടത്തെ പുഴസംഗമത്തിന്. ഒരു കാലത്ത് കർഷകസമരങ്ങളുടെ പ്രഭവകേന്ദ്രമായ മലപ്പട്ടത്തെ കൂർപ്പിച്ച പെൻസിൽ പോലെ പുഴയുടെ നെഞ്ചിലേക്ക് തുളച്ചുകയറുന്ന കാഴ്ചാ അനുഭവമുണ്ട് ഇവിടെ മുനമ്പിന്. മലപ്പട്ടം പാലം മുതൽ ഒരു കിലോമീറ്റർ ദൂരം വളഞ്ഞ് തിരിഞ്ഞ് കൊവുന്തലവരെ ഇക്കോ ടൂറിസം സാദ്ധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രധാന രണ്ട് പോയിന്റുകൾ ഇവിടെയാണ്. ഈ പുഴയിലെ ചെറിയ ദ്വീപുകളിലെ ടൂറിസം സാദ്ധ്യതകൾ വിനോദ സഞ്ചാരികളെ ഭാവിയിൽ വിസ്മയിപ്പിക്കും. ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികൾ വ്യത്യസ്ത കാലങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളുടെ കാഴ്ചകൾക്ക് നിറം പകരും. മുനമ്പ്കടവിൽ ആവിഷ്കരിക്കാൻ പോകുന്ന ജലയാത്രയും വ്യത്യസ്തമായ ടൂറിസം അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. ജലമാർഗം ഇവിടെ നിന്ന് പറശ്ശിനിക്കടവ് തീർത്ഥാടന കേന്ദ്രത്തിലേക്ക് അര മണിക്കൂർ ദൂരം മാത്രം.

കാമറ: വി.വി. സത്യൻ