കണ്ണൂർ: കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നത് കണ്ണൂരിനെ കടുത്ത ഭീതിയിലാഴ്ത്തി. നഗരപ്രദേശങ്ങൾ വിട്ട് ഗ്രാമങ്ങളിലാണ് ഇപ്പോൾ സംഖ്യ കൂടുന്നത്. ഇന്നലെ മാത്രം 16 പേർക്കാണ് കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലാ ആശുപത്രിയിലെ രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. ഇവിടെ ചികിത്സയ്ക്കെത്തിയവരും കൂട്ടിരിപ്പുകാരുമായ ആയിരക്കണക്കിന് രോഗികൾ ഭീതിയിലായി. നേരത്തെ ചികിത്സയിലായിരുന്ന രോഗികളെല്ലാം രോഗമുക്തരായി ആശുപത്രി വിട്ടതിന് ശേഷമാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകരെയും കൊവിഡ് പിടികൂടിയത്.

ജില്ലാ ആശുപത്രിയിലെ സ്രവ പരിശോധനാ വിഭാഗത്തിലെ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലായിരുന്ന ജില്ലാ ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ അടക്കമുള്ള ജീവനക്കാരും നിരീക്ഷണത്തിലായി. സൂപ്രണ്ട്, ആർ.എം.ഒ എന്നിവരടക്കം വീട്ടിലാണ് നിരീക്ഷണത്തിലായത്.

നേരത്തെ ചിറക്കൽ സ്വദേശിനിയായ ഗ്രേഡ് 2 ജീവനക്കാരിക്കാണ് ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ ആദ്യം രോഗബാധയുണ്ടായത്. ഇവരുടെ പരിശോധനാഫലം ഇപ്പോൾ നെഗറ്റീവായിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം രോഗബാധ റിപ്പോർട്ട് ചെയ്ത അയ്യൻകുന്ന് സ്വദേശിനി അടുത്തനാളിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്. സമ്പർക്കത്തിലൂടെയാണ് ഇവർക്കു രോഗബാധയുണ്ടായത്. ഇവർക്കു രോഗം പിടിപെട്ടത് ജില്ലാ ആശുപത്രിയിൽ നിന്നാണെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.

തലശ്ശേരിയും ആശങ്കയിൽ

ധർമ്മടത്തെ വീട്ടമ്മയായ 62കാരിക്ക് പുറമെ 65കാരനും കൊവിഡ് സ്ഥിരീകരിച്ചത് തലശേരി മേഖലയെ ഏറെ ആശങ്കയിലാക്കുന്നു. ഇതിനൊപ്പമാണ് ജില്ലാ ആശുപത്രി ജീവനക്കാർക്കിടയിലുള്ള രോഗബാധ കണ്ണൂരിനെയാകെ ആശങ്കയിലാക്കിയത്.

ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചത്

166

രോഗമുക്തി നേടിയത്

119 പേർ

നിലവിൽ ചികിത്സയിൽ

47

നിരീക്ഷണത്തിൽ

10,336