pic

കണ്ണൂർ: മുംബയിൽ നിന്നും ഇന്നലെ രാത്രി 10 മണിയ്ക്ക് പുറപ്പെട്ട ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ കണ്ണൂരിലെത്തി. സമീപത്തെ ജില്ലക്കാരടക്കം 307 യാത്രക്കാരാണ് ഇവിടെ ഇറങ്ങിയത്. റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ സാനിദ്ധ്യത്തിൽ ഒരു മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് ഇവരെ സ്റ്റേഷന് പുറത്തേക്ക് പോകാൻ അനുവദിച്ചത്. പതിനഞ്ച് കെ.എസ്.ആർ‌.ടി.സി ബസുകളാണ് ഇവർക്കായി ഒരുക്കിയത്. അതേസമയം വിവരം കൈമാറുന്നതിൽ സംഭവിച്ച പാളിച്ചയിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്.

ഏറ്റവും രൂക്ഷമായി വൈറസ് വ്യാപിക്കുകയും മരണത്തിൽ ഒന്നാമത് നിൽക്കുന്നതുമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. കേരളത്തിൽ എത്തിയവരിൽ ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്തതും മഹാരാഷ്ട്രയിൽ നിന്നും എത്തിയവരിലാണ്. ഇതേ തുടർന്നും ട്രെയിൻ കണ്ണൂരിൽ നിറുത്തുമെന്ന കാര്യം ഇന്ന് രാവിലെ 9.30നാണ് അറിയിച്ചത്. ട്രെയിനിൽ വരുന്നവരുടെ വിശദാംശമാകട്ടെ അറിയിക്കാൻ 11 മണിയായി. ഇതോടെ ഏറെ പരിഭ്രാന്തിയോടെയാണ് മുന്നൊരുക്കം നടത്തേണ്ടി വന്നത്. ആരോഗ്യ പ്രവർത്തകരെയും ഇത് വലച്ചു. കേരളത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടലിൽ വീഴ്ച സംഭവിച്ചെന്ന് വരുത്തി തീർക്കാനാണ് ഇതെന്നും ആരോപണമുണ്ട്.

മുംബയ് ലോക് മാന്യ തിലക് റെയിൽവെ സ്റ്റേഷനിൽ നിന്ന് 1400 ഓളം യാത്രക്കാരുമായാണ് ട്രെയിൻ പുറപ്പെട്ടത്. കോൺഗ്രസ് മഹാരാഷ്ട്ര സംസ്ഥാന നേതൃത്വമാണ് മലയാളികൾക്ക് മാത്രമായി ഈ ട്രെയിൻ ഏർപ്പാട് ചെയ്തത്. ഷൊർണൂർ, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമായിരുന്നു ട്രെയിനിന് നേരത്തെ സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. അതേസമയം കണ്ണൂരിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പി.പി കിറ്റുകൾ പോലും ഉണ്ടായിരുന്നില്ല. ഇവരുടെ ആരോഗ്യ കാര്യത്തിൽ സുരക്ഷ ഉറപ്പാക്കാനുള്ള സാവകാശം പോലും ലഭിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.