മാഹി: മയ്യഴി പുഴയ്ക്ക് കുറുകെ അഴിയൂർ പഞ്ചായത്തിലെ കക്കടവ് ഭാഗത്ത് നിർമ്മിച്ച താൽക്കാലിക ബണ്ടുകൾ പൊളിച്ച് നീക്കി തുടങ്ങി. രണ്ട് ഭാഗങ്ങൾ പൂർണമായും പൊളിച്ചു. കഴിഞ്ഞ തവണ ബണ്ട് ഈ പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായതിനാൽ ഇതുപൊളിക്കാൻ ആവശ്യമുയർന്നിരുന്നു.
പുഴയുടെ ഇരുകരകളിലുമുള്ള നൂറോളം കുടുംബങ്ങൾ വെള്ളം കയറിയത് മൂലം ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. മഴയ്ക്ക് മുൻപ് ബണ്ട് പൊളിച്ചില്ലെങ്കിൽ ഇത്തവണയും പ്രളയത്തിന് സാദ്ധ്യതയേറെയാണെന്ന് കണ്ട് ബണ്ട് ഉടൻ പൊളിച്ചു നീക്കാൻ കോഴിക്കോട് കളക്ടർ ഉത്തരവിടുകയായിരുന്നു.
തലശേരി- മാഹി ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായാണ് ഇവിടെ ബണ്ട് കെട്ടിയത്.മഴ വരുന്നതിനുമുമ്പ് മൂന്ന് നാല് തൂണുകൾക്കിടയിലുള്ള ബണ്ട് പൊളിച്ച് മണ്ണ് ഉടൻ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി നിർമ്മാണ കമ്പനിക്കാരെ കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കുവാൻ സ്ഥലം സന്ദർശിച്ച വടകര ആർ.ഡി.ഒ വി.പി അബ്ദുറഹ്മാൻ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയത് അശാസ്ത്രീയമായ ബണ്ട് നിർമ്മാണം കാരണമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഒഴുക്കിനെതിരെ വില്ലനായി
ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ബണ്ട് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ സാരമായി ബാധിച്ചിരുന്നു. അഴിയൂർ ഗ്രാമപഞ്ചായത്തിലെ 4, 5 വാർഡുകളിൽ കഴിഞ്ഞ പ്രളയത്തിൽ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായി. പുഴ ഒഴുകിവരുന്ന കിഴക്കൻ ഭാഗത്ത് ഒന്നര അടിയോളം വെള്ളം ഉയർന്നു കിടന്നതാണ് ഇരുവശത്തും വെള്ളം കയാനിടയാക്കിയത്.