കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി, ഹയർ സെക്കൻ‌ഡറി 26 ന് ആരംഭിക്കുന്ന പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾക്ക് കാഞ്ഞങ്ങാട് നഗരസഭ എം.ഇ.സി യോഗം രൂപം നൽകി. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും ശുചീകരിച്ച് അണുനശീകരണം നടത്താനും വിദ്യാർത്ഥികൾക്കാവശ്യമായ സാനിട്ടറൈസറും, കോട്ടൺ മാസ്ക്കുകളും ലഭ്യമാക്കുവാനും പരീക്ഷയ്ക്ക് എത്തുന്ന കുട്ടികളുടെ വാഹന സൗകര്യം സംബന്ധിച്ച് ഹെഡ്മാസ്റ്റർമാർ വ്യക്തമായ പ്ലാൻ തയ്യാറാക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

അധികമായി വാഹന സൗകര്യം ആവശ്യമുള്ള പക്ഷം വിവരം ഹെഡ്മാസ്റ്റർമാർ മുൻകൂട്ടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനെ അറിയിക്കേണ്ടതാണ്. അവലോകന യോഗത്തിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമ്മൂദ് മുറിയനായി, നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ എ.പി രഞ്ജിത്ത് കുമാർ, എം.ഇ.സി സെക്രട്ടറി ബാബുരാജ്, പി.ടി.എ പ്രസിഡന്റുമാർ, പ്രധാനാദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.