ചെറുവത്തൂർ: സർവ്വീസിൽ നിന്നും വിരമിച്ചാൽ വീട്ടിൽ സമയം കൊന്ന് അടങ്ങിയൊതുങ്ങുന്നവരിൽ പിലിക്കോട് വറക്കോട്ട് വയലിലെ എം. രാജീവനെ പെടുത്തേണ്ട. മഹാമാരിയോട് പൊരുതുന്ന സഹപ്രവർത്തകരെ സഹായിക്കുന്നതിനായി കൈയും മെയ്യും മറന്ന് തന്റെ പഴയ ലാവണത്തിലേക്ക് ഒന്നും പ്രതീക്ഷിക്കാതെ ഇറങ്ങിയിരിക്കുകയാണ് ഈ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ.
ജില്ലാതിർത്തിയായ കാലിക്കടവിലെ ആരോഗ്യ വകുപ്പിന്റെ പരിശോധന കേന്ദ്രത്തിലാണ് ഇദ്ദേഹം ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്. ഓലാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ മാർച്ച് 31 നാണ് വിരമിച്ചത്.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെയായിരുന്നു വിരമിക്കൽ ദിനം കടന്നു വന്നത്. ലോക്ക്ഡൗണിൽ വീട്ടിൽ ഒതുങ്ങുന്നതിന് പകരം രാജിവൻ ആരോഗ്യ വകുപ്പിന്റെ പരിശോധന കേന്ദ്രത്തിൽ സേവനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് പരിശോധന കേന്ദ്രം തുറന്നത്. അന്നുമുതൽ ഇദ്ദേഹം ഇവിടെയുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എത്തുന്നവരെ ആരോഗ്യ പരിശോധന നടത്തി വിവരങ്ങൾ രേഖപ്പെടുത്തുകയെന്നതാണ് ഡ്യൂട്ടി. ഒപ്പം കണക്കുകളെല്ലാം ക്രോഡീകരിക്കാനുള്ള സഹായങ്ങളും നൽകുന്നു. ആരോഗ്യ വകുപ്പിൽ 33 വർഷത്തെ പരിചയമുണ്ട് ഇദ്ദേഹത്തിന്. കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സേവനത്തിനു ശേഷമാണ് ഇദ്ദേഹം ബന്തടുക്കയിലും പിന്നീട് പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമെത്തുന്നത്. പരിശോധനാ കേന്ദ്രം പ്രവർത്തനം അവസാനിക്കുന്നതുവരെ ഇവിടെ തുടരാനാണ് രാജീവന്റെ തീരുമാനം.