undachi-
കരിന്തളം ഓമച്ചേരയിലെ ഉണ്ടച്ചിയും മക്കളും പേരമക്കളും കരനെൽ കൃഷിയിൽ

കരിന്തളം (കാസർകോട്): വിസ്മൃതിയിലാണ്ടു പോയിരുന്ന പുനം കൃഷി (കുന്നുംപുറങ്ങളിലെ കരനെൽ കൃഷി) തിരിച്ചുവരവിന്റെ പാതയിൽ. കരിന്തളം ഓമച്ചേരിയിലെ പരേതനായ ഓമച്ചേരി അമ്പൂട്ടിയുടെ ഭാര്യ എഴുപത് വയസ്സുള്ള ഉണ്ടച്ചിയും മക്കളും മരുമക്കളും കൊച്ചുമക്കളുമാണ് പഴയകാലത്ത് സാർവത്രികമായ ഈ കൃഷിയെ തിരിച്ചുപിടിക്കുന്നത്.

ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് പോവണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും അവർക്ക് ഇതിന് പ്രചോദനമായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വെറുതെ ഇരുന്ന സമയത്താണ് അവർ വിദ്യാർത്ഥികളെ ഉൾപ്പെടെ കൂട്ടി മണ്ണിലേക്ക് ഇറങ്ങിയത്. ‌

സ്വന്തമായുള്ള ഒരേക്കർ സ്ഥലത്ത് നിലമൊരുക്കിയാണ് കഴിഞ്ഞ ദിവസം ലഭിച്ച ശക്തമായ മഴയെ തുടർന്ന് പുനം വിതച്ചത്. എഴുപത് വയസ് മുതൽ മകന്റെ മകൻ ഏഴുവയസുകാരനുൾപ്പെടെ മൂന്ന് തലമുറകൾ കൃഷിയിടത്തിൽ ഒത്തുചേർന്നു.

പുനംകൃഷി

നനവാർന്ന ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ ആദിമഗോത്രങ്ങളുടെ തനതായ കൃഷി സമ്പ്രദായമാണ് പുനം കൃഷി. ചേരിക്കൽ കൃഷിധ എന്ന പേരിലും അറിയപ്പെടുന്നു. കാട് വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ് പുനം കൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്യാതെ ഒറ്റത്തവണമാത്രം കൃഷിയിറക്കുന്നു എന്നതാണ് പുനം കൃഷിയുടെ പ്രധാന പ്രത്യേകത. ഒരിക്കൽ കൃഷി ചെയ്തശേഷം ആ സ്ഥലം ഉപേക്ഷിക്കുന്നു. അവിടെ വീണ്ടും ചെടികളും മരങ്ങളും തഴച്ചുവളരുകയും ചെയ്യും. പിന്നീട് അതേ സ്ഥലത്ത് കൃഷി ചെയ്യുന്നത് വർഷങ്ങൾക്കു ശേഷമായിരിക്കാം. മുഖ്യ വിള നെല്ലാണ്‌