കണ്ണൂർ: മുംബെയിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ശ്രമിക് ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ജില്ലാഭരണകൂടം അറിഞ്ഞത് അവസാനനിമിഷം. 1647 യാത്രക്കാരിൽ 166 പേരാണ് കണ്ണൂരിലിറങ്ങിയത്. ഇതിൽ 110 പേർ കണ്ണൂർ ജില്ലക്കാരും മറ്റുള്ളവർ കോഴിക്കോട്, കാസർകോട്, വയനാട് നിന്നുള്ളവരുമാണ്. വെള്ളിയാഴ്ച രാത്രി 10ന് മുംബെ ലോകമാന്യ തിലക് സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ട്രെയിൻ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് കണ്ണൂരിലെത്തിയത്. ട്രെയിൻ പുറപ്പെടുമ്പോൾ തിരുവനന്തപുരത്ത് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. പിന്നീട് യാത്രക്കാർ നേരിട്ട് തിരുവനന്തപുരം കൊവിഡ് വാർ റൂമുമായി ബന്ധപ്പെട്ടതോടെയാണ് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. എന്നാൽ ഈ വിവരം രാവിലെ പത്തോടെ കണ്ണൂർ റെയിൽവെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടം അറിഞ്ഞിരുന്നില്ല.
ട്രെയിൻ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ജില്ലാ ഭരണകൂടം വിവരം അറിഞ്ഞത്. യാത്രക്കാരിൽ ഭൂരിഭാഗവും ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവരായതിനാൽ ഇവരുടെയെല്ലാം പേരു വിവരങ്ങൾ റെയിൽവേ സ്റ്റേഷനിലോ കളക്ടറേറ്റിലോ ഉണ്ടായിരുന്നില്ല. ട്രെയിൻ ഇറങ്ങിയവരിൽ നിന്നാണ് ഒടുവിൽ വിവരങ്ങൾ ശേഖരിച്ചത്. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെയും നേരത്തെ രജിസ്റ്റർ ചെയ്തവരെയും മാത്രമാണ് വീടുകളിലേക്ക് വിട്ടത്. മറ്റുള്ളവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാനും ജില്ലാ അധികൃതർക്ക് നെട്ടോട്ടമോടേണ്ടി വന്നു. ഒടുവിൽ ജില്ലാ കളക്ടർ ടി.വി.സുഭാഷിന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യപരിശോധനയ്ക്ക് ശേഷം യാത്രക്കാരെ തോട്ടട പോളിടെക്നിക് ഹോസ്റ്റലിലേക്കു മാറ്റി.