കണ്ണൂർ: സുഭിക്ഷ കേരളം പദ്ധതി കുറ്റമറ്റ രീതിയിൽ കൊണ്ടുപോകാനുള്ള ചുമതല തൊഴിലുറപ്പിലേക്ക് ഉൾപ്പെടുത്തുന്നതോടെ കാട് വെട്ടലും പുല്ല് ചെത്തലുമടക്കം ലളിതമായ ജോലികൾ പദ്ധതിയിൽ നിന്ന് ഔട്ടാകും.സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിന് ആവിഷ്കരിച്ച അഭിമാനപദ്ധതിയ്ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് സർക്കാരിന് മുന്നിൽ ഉരുത്തിരിഞ്ഞിട്ടുള്ളത്.

കൊടുംവരൾച്ചയിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും പദ്ധതിയിൽ ഇനി മുൻഗണന നൽകണം. ഇതിന്റെ ഭാഗമായി വറ്റിപ്പോയ കുളം, കനാൽ, തോട് എന്നിവയുടെ പുനരുജ്ജീവനം എന്നിവ പദ്ധതിയിലുൾപെടുത്തണം.

സർക്കാർ ഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചന കുളങ്ങൾ, കിണറുകൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിക്കുന്നതിനൊപ്പം പൊതുകുളങ്ങളുടെ പുനരുദ്ധാരണവും ജല സേചന ചാലുകളുടെ പുനർനിർമ്മാണവും നടത്തും.

തെങ്ങ് കൃഷിയുണ്ടെങ്കിലും ശാസ്ത്രീയമായ കൃഷിരീതിയുടെ കുറവ് നാളകേര ഉൽപ്പാദനത്തെ ബാധിക്കുന്നുണ്ട്. നാളികേര കർഷകർ പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ ഭൂമി ഒരുക്കൽ, കുഴിയെടുത്ത്‌ തൈ നടൽ,രണ്ടു വർഷക്കാലം പരിചരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി. കാർഷിക ഉത്പന്ന സംഭരണ കേന്ദ്രം, കാർഷിക ഉത്പന്ന സംസ്‌കരണത്തലേർപ്പെടുന്ന സ്വയംസഹായസംഘങ്ങൾക്കുള്ള വർക്ക് ഷെഡ് നിർമാണം എന്നിവയ്ക്കും തൊഴിലുറപ്പ് പദ്ധതിയിലെ ആളുകളുടെ സേവനം ലഭ്യമാക്കും.

മൃഗസംരക്ഷണമേഖലയിൽ സജീവമാകുന്നതിന്റെ ഭാഗമായി പശുത്തൊഴുത്ത്, ആട്ടിൻകൂട്, പന്നിക്കൂട് എന്നിവയുടെ നിർമാണവും അസോള ടാങ്ക് നിർമാണം, തീറ്റപ്പുൽകൃശി എന്നീ രംഗങ്ങളിലും തൊഴിലുറപ്പ് സാദ്ധ്യതകൾ പ്രയോജനപെടുത്തും. ഫിഷറീസ് മേഖലയിൽ പൊതുസ്ഥലത്ത് മത്സ്യക്കുളങ്ങൾ നിർമിക്കും. പൊതുസ്ഥലത്തെ കുളങ്ങളുടെ അറ്റകുറ്റപണികൾ, ഫിഷ് ഡ്രൈയിംഗ് യാർഡ് നിർമ്മാണം എന്നിവയും നടത്തും.


ശുചിത്വ മേഖലയിൽ പ്രതീക്ഷിച്ച പുരോഗതിയില്ല

ശുചിത്വ മേഖലയിൽ വേണ്ടത്ര പുരോഗതിയില്ല.നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യത്തിന് അനുസൃതമായുള്ള കമ്പോസ്റ്റ്, സോക്ക് പിറ്റുകൾ നിർമിച്ചതായി കാണുന്നില്ല. സർക്കാർതലത്തിലുള്ള വിവിധ യോഗങ്ങളിൽ ഇതിന്റെ നിർമാണ കാലതാമസം മോശം പരാമർശത്തിന് ഇടയാക്കുന്നുണ്ട്. അതിനാൽ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണം. ഗ്രാമപഞ്ചായത്തുകളുടെ ആക്ഷൻ പ്ലാനിൽ മതിയായ എണ്ണം കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, മി്നി എം.സി.എഫ്, എന്നിവ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ജോയിന്റ് പ്രോഗ്രാം കോഓർഡനേറ്റർമാർ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചു. അതു പോലെ സ്‌കൂൾ ടോയ്‌ലെറ്റ് യൂണിറ്റുകൾ എസ് .സി. കോളനി സമഗ്ര ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയും ഏറ്റെടുക്കണം. ഒരു പ്രവർത്തിയിൽ തന്നെ കൂടുതൽ കമ്പോസ്റ്റ്, സോക്ക് പിറ്റുകൾ നിർമിക്കുന്ന രീതി ഒഴിവാക്കണം.

ബൈറ്റ്

മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലും തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും. കാട് വെട്ടിത്തെളിക്കൽ, കിളക്കൽ പോലുള്ള ആവർത്തന സ്വഭാവമുള്ള പ്രവർത്തികൾ അനുവദിക്കേണ്ടതില്ല-

ഡോ.ദിവ്യ എസ്.അയ്യർ,മിഷൻ ഡയറക്ടർ