കാസർകോട്: ജില്ല നിലവിൽ വന്നിട്ട് ഇന്നേക്ക് 35 വർഷം പൂർത്തിയായി. 36ാം പിറന്നാൾ ദിനത്തിൽ കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കടുത്ത ആശങ്കയോടെയാണ് വടക്കേയറ്റം കഴിയുന്നത്. പിന്നാക്ക ജില്ലയായി അപമാനിക്കപ്പെടുമ്പോഴും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലൂടെ ആരോഗ്യമേഖലയിൽ ലോകമാതൃക തീർത്തതും ഈ പിറന്നാൾദിനത്തിന്റെ പ്രത്യേകതയാണ്.
പ്രഖ്യാപിച്ചവർ പോലും അവഗണിച്ച ബദിയടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് മിന്നൽ വേഗത്തിൽ കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചുതുടങ്ങിയത് ഈ വർഷമാണ്. ചട്ടഞ്ചാലിൽ ടാറ്റയുടെ കൊവിഡ് ആശുപത്രി നിർമ്മാണ ഘട്ടത്തിലാണ്. ജില്ലാ രൂപീകരണത്തിന്റെ ആദ്യനാളുകളിൽ കാഞ്ഞങ്ങാടും കാസർകോടും പ്രവർത്തിച്ചു വന്നിരുന്ന താലൂക്ക് ആശുപത്രികളിലും ചില പഞ്ചായത്തുകളിൽ മാത്രം ഉണ്ടായിരുന്ന ആരോഗ്യ കേന്ദ്രങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന കാസർകോടിന്റെ പൊതുജനാരോഗ്യ സംവിധാനം ഇന്ന് കുടുംബ ക്ഷേമകേന്ദ്ര തലംതൊട്ട് മെഡിക്കൽ കോളേജ് വരെയുള്ള ശക്തമായ പൊതുജനാരോഗ്യ സംവിധാനമായി മാറിയിരിക്കുന്നു. 53 ഓളം ആരോഗ്യസ്ഥാപനങ്ങളുണ്ട് ഇന്ന് ജില്ലയിൽ.
പരാതികൾ ബാക്കിയുണ്ടെങ്കിലും പ്രതിസന്ധിയിലായ എൻഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കഴിഞ്ഞ ഫെബ്രുവരി വരെ സർക്കാർ 281.36 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് പ്രകാരം സാമ്പത്തിക സഹായമായി 171.10 കോടി രൂപയും, ചികിത്സയ്ക്ക് 15.03 കോടിയും, 201920 നവംബർ വരെയുള്ള പെൻഷൻ, ആശ്വാസ കിരണം, സ്‌കോളർഷിപ്പ് എന്നിവയ്ക്ക് 88.39 കോടിയും വായ്പ എഴുതിത്തള്ളുന്നതിനായി 6.82 കോടി രൂപയുമാണ് ചെലവഴിച്ചത്.
അതേസമയം വിനോദസഞ്ചാര മേഖലയിൽ പ്രതീക്ഷയായിരുന്ന ബേക്കൽ അന്താരാഷ്ട്ര ടൂറിസം പദ്ധതി കോടികൾ തുലച്ചുകളഞ്ഞതല്ലാതെ എവിടെയും എത്തിയിട്ടില്ല. ബേക്കൽ പദ്ധതിയുടെ മറവിൽ സർക്കാർ ഭൂമി മുഴുവൻ റിസോർട്ട് മാഫിയ പങ്കിട്ടെടുത്തു. ജില്ലയുടെ വികസനത്തിനായി കാതോർക്കുന്ന പെരിയ എയർസ്ട്രിപ്പ് പദ്ധതിയും തുടങ്ങിയേടത്ത് തന്നെയാണ്.
മലയോരഹൈവേ, തീരദേശഹൈവേ, തേജസ്വിനിയിൽ പാലായി റെഗുലേറ്റർ കം ബ്രിഡ്ജ്, തുടങ്ങിയ അഭിമാനപദ്ധതികൾ മികച്ച രീതിയിൽ മുന്നേറുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇതിന് പുറമെ ഗ്രാമീണമേഖലയിലടക്കം മികച്ച റോഡുകൾ ഒരുക്കി പശ്ചാത്തലവികസനവും ജില്ലയിൽ നടന്നുവരുന്നുണ്ട്.
പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ നിന്നുള്ള ചില പദ്ധതികളെല്ലാം തുടങ്ങാൻ കഴിഞ്ഞിട്ടുണ്ട്
ദേശീയപാത യാഥാർത്ഥ്യമാകാൻ പോകുന്നു. ജൂണിൽ ടെൻഡർ നടപടി പൂർത്തിയാകുന്നതോടെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള പണി തുടങ്ങാനാകും
ചെങ്കള -നീലേശ്വരം റീച്ചിൽ ദേശീയപാതാ വികസനത്തിനും അനുമതിയായിട്ടുണ്ട്
മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതും ജില്ലയുടെ യാത്രാപ്രതിസന്ധിക്ക് വലിയ പരിഹാരമാകും
പള്ളിക്കരയിൽ സംസ്ഥാനത്ത് ദേശീയപാതയിലെ ആദ്യ ആറുവരി മേൽപ്പാലവും കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലവും വരുന്നത് നേട്ടമാണ്