boat-
മടക്കര ചാനലിൽ കുടുങ്ങിയ മീൻ പിടുത്ത ബോട്ട്

ചെറുവത്തൂർ: ചെറുവത്തൂർ മടക്കരയിൽ നിന്നും മീൻ പിടിക്കാൻ പോയ മത്സ്യബന്ധന ബോട്ടുകൾ ചാനലിൽ കുടുങ്ങി. ഇന്നലെ രാത്രി 12 മണിക്ക് ശേഷം കടലിൽ പോകാൻ ഹാർബറിൽ നിന്ന് പുറപ്പെട്ട ബോട്ടുകളാണ് ചാനലിൽ കുടുങ്ങിയത്. വെള്ളം ഇറങ്ങുകയും ചാനലിൽ മണ്ണ് മൂടുകയും ചെയ്തതിനെ തുടർന്നാണ് അപകടം. ഹാർബറിനു സമീപം നിർമ്മിച്ചു കൊണ്ടിരിക്കുന്ന കൃത്രിമ ദ്വീപിനു സമീപമാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബോട്ട് ചാനൽ നിർമ്മിച്ചത്. ഈ മണൽ കൂമ്പാരത്തിന് അടുത്താണ് മീൻ പിടുത്ത ബോട്ട് ചെരിഞ്ഞത് .ചാനൽ നിർമ്മിക്കുന്ന സമയത്തുതന്നെ കൂടുതൽ ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് ഇതെന്ന് ആരോപണമുണ്ടായിരുന്നു.

കടലിൽ നല്ല വേലിയേറ്റം ഉള്ള ഈ സമയത്ത് മാത്രമാണ് ചാനലിലൂടെ മീൻപിടുത്ത ബോട്ടുകൾക്ക് മടക്കര ഹാർബറിൽ എത്താൻ കഴിയുന്നത്. ഒരേസമയം കൂടുതൽ ബോട്ടുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യവും ഈ ചാനലുകളിൽ ഉണ്ടായിരുന്നു. ഈ തടസ്സം കാരണം മീൻപിടിത്ത ബോട്ടുകൾ പലതും മടക്കര ഹാർബറിലേക്ക് വരാതെ തൈക്കടപ്പുറത്തെ ഫിഷ് ലാൻഡിംഗ് സെന്ററിൽ അടുപ്പിക്കുകയാണ് ചെയ്തത്.ഇതിനെതിരായി മത്സ്യത്തൊഴിലാളികൾ നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. ബോട്ട് ടെർമിനലിന്റെ ചാനലിനുവേണ്ടി ചെലവഴിച്ച വൻ തുക ആരുടെയൊക്കെ പോക്കറ്റിലേക്ക്പോയെന്ന കാര്യം അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളിയായ പ്രദീപ് ജാക്കി മടക്കര ആവശ്യപ്പെട്ടു.