pic

കണ്ണൂർ: കേരളത്തിന് പുറത്ത് നിന്നുള്ളവരുടെ വരവ് കൂടിയതോടെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇടയ്ക്ക് ഒറ്റയക്കത്തിലേക്ക് ഒതുങ്ങി സമ്പൂർണ്ണമായി കൊവിഡ് ഇല്ലെന്ന് തോന്നിപ്പിച്ച ശേഷമാണ് വൈറസ് വ്യാപനം തീവ്രമായത്. രോഗ ബാധിതരും വൈറസ് ബാധിച്ച് മരിക്കുന്നവരുടെയും എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ നിന്നടക്കം ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് കണ്ണൂരിന്റെയും കേരളത്തിന്റെയും കണക്കുകൾ തെറ്റിക്കുന്നത്. കണ്ണൂ‌ർ ജില്ലയിൽ ഇപ്പോൾ 67 രോഗികൾ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ അഞ്ച് പേർ കോഴിക്കോട് സ്വദേശികളും നാലുപേർ കാസർകോട് സ്വദേശികളുമാണ്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും അഞ്ചക്കത്തിലെത്തി. 10,737 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

139 ആളുകളാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 10,598 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 56 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 42 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 24 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 17 പേരുമാണ് ചികിത്സയിലുള്ളത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരടക്കം കണ്ണൂരിലുണ്ട്. ഇത് വൻതോതിലുള്ള സാമൂഹ്യ വ്യാപനത്തിന് ഇട നൽകുമോയെന്നാണ് ആശങ്ക.

ലോക്ക്ഡൗണിന് ഇളവ് നൽകിയതോടെ ആളുകളെല്ലാം നിരത്തിൽ സജീവമാകുകയാണ്. ഇതാണ് ഇത്തരമൊരു ഭീതിയ്ക്ക് ഇടയാക്കുന്നത്. ഒരു പരിധിയിലേറെ കാലം ആളുകളെ വീട്ടിൽ ഒതുക്കി നിർത്തിയാൽ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്. ഇപ്പോൾ തന്നെ കേരളത്തിന് ഉണ്ടായ നഷ്ടം നികത്താൻ വർഷങ്ങൾ വേണ്ടി വരും. സ്വകാര്യ ബസുകൾ ഓരോ ദിവസം കഴിയും തോറും പതിയെ സർവീസ് തുടങ്ങാൻ തയ്യാറായി തുടങ്ങിയിട്ടുണ്ട്. അനന്തമായി സർവീസ് നടത്താതിരുന്നാൽ ഉണ്ടാക്കുന്ന ബാദ്ധ്യതയാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി

പരീക്ഷ കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നാളെ മുതൽ 30 വരെയായാണ് പരീക്ഷ നടക്കുന്നത്. ജില്ലയിൽ ആകെ 1,04,064 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സിക്ക് 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33,737 കുട്ടികളും, ഹയർ സെക്കൻഡറിക്ക് 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67,427, വി.എച്ച്.എസ്.ഇക്ക് 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2,900 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളിൽ തെർമൽ സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതിലേക്കായി രണ്ട് ഫീൽഡ് ലവൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉണ്ടാകും.