bjp
കാസർകോട് ജില്ലാ രൂപീകരണ വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി.സംഘടിപ്പിക്കുന്ന കാസർകോട് ഇന്നലെ, ഇന്ന്, നാളെ സ്വാഭിമാൻ കാമ്പയിൻ വീഡിയോ കോൺഫറൻസ് വഴി സംസ്ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: മൂന്നര പതിറ്റാണ്ടുകാലം കടുത്ത അവഗണനയാണ് കാസർകോട് ജില്ലയോട് കേരളത്തിലെ ഭരണകർത്താക്കൾ കാട്ടിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാ രൂപീകരണ വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന കാസർകോട് ഇന്നലെ, ഇന്ന്, നാളെ എന്ന ഒരു മാസക്കാലം നീളുന്ന സ്വാഭിമാൻ കാമ്പയിൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

35 വർഷത്തെ ജില്ലയുടെ ചരിത്രം പരിശോധിച്ചാൽ സർക്കാരുകൾ കാണിച്ച ചിറ്റമ്മനയം വ്യക്തമാകും. സംസ്ഥാനത്തെ നടപടിക്ക് വിധേയരാകുന്ന ഉദ്യോഗസ്ഥരെ നാടുകടത്താൻ ഉള്ള പ്രദേശമായി മാത്രമേ മാറി മാറി ഭരിച്ചവർ കാസർകോടിനെ കണ്ടിട്ടുള്ളൂ. പതിനൊന്ന് പുഴകൾ കൊണ്ട് സമ്പന്നമായ കാസർകോട്ട് കുടിവെള്ളം പോലും നൽകാൻ അധികാരികൾക്ക് നാളിതുവരെ സാധിച്ചിട്ടില്ല. കടലോരം കൊണ്ടും, മലയോരം കൊണ്ടും സമ്പുഷ്ടമായ ജില്ലക്ക് ആ മേഖലകളിലെ ജനങ്ങളെ ഉന്നതിയിലെത്തിക്കാൻ സാധിച്ചിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കാരണം അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട ഗതികേടിൽ നിന്നും ജില്ലയിലെ ജനങ്ങൾക്ക് ഇന്നും മോചനമില്ല. സമസ്ത മേഖലകളിലും വികസന പിന്നാക്കാവസ്ഥയാണ് ജില്ലയ്ക്ക്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സ്വാഭിമാൻ കാമ്പയിൻ നടത്തുന്നത്. കക്ഷിരാഷ്ട്രീയത്തിനും, ജാതി-മത-ഭാഷാ വ്യത്യാസത്തിനും അതീതമായി വരും കാലത്ത് ജില്ലയിൽ നടക്കേണ്ട വികസനക്കുതിപ്പിന് ബി.ജെ.പി.സംഘടിപ്പിക്കുന്ന സ്വാഭിമാൻ കാസർകോട് എന്ന കാമ്പയിന് സാധിക്കും. ജില്ലാ രൂപീകരിക്കുന്നതിന് കരുത്തുറ്റ പോരാട്ടം നടത്തിയ സംഘടന എന്ന നിലയ്ക്ക് ബി.ജെപി.ക്ക് അതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പ്രമീള സി. നായിക്, സംസ്ഥാന സമിതി അംഗം വി. ബാലകൃഷ്ണ ഷെട്ടി, എം. സജ്ജീവ ഷെട്ടി, ഡോ. ജെ. സപ്ന, ടി.ആർ.കെ. ഭട്ട്, സുബ്രഹ്മണ്യ കടമ്പളിത്തായ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.