pic

കാസർകോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച ഉത്തർപ്രദേശുകാരനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞവർഷം ഡിസംബറിൽ ഷിറിബാഗിലുവിലാണ് സംഭവം. ബാർബർ തൊഴിലാളിയായ ബയ്യ എന്ന മുപ്പത്തിയഞ്ചുകാരനെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. പതിനൊന്നുകാരിയെ പ്രലോഭിപ്പിച്ച്‌ വാടക വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഒരു സ്‌കൂളിൽ നടന്ന പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് കുട്ടികളുടെ മൊഴിയെടുക്കുന്നതിനിടെയാണ് വിദ്യാർത്ഥിനി വിവരം പുറത്തു പറഞ്ഞത്. പീഡിപ്പിച്ച ശേഷം തന്നെ ഭീഷണിപ്പെടുത്തിയതായും ഇതിനാലാണ് സംഭവം പുറത്തു പറയാതിരുന്നതെന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകി. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യുവാവ് നാട്ടിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.