കാസർകോട്: അപൂർവ ജനിതക രോഗം ബാധിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി പരിയാരത്ത് ഗവ. മെഡിക്കൽ കോളേജിൽ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് സോഷ്യൽ മീഡിയ സഹായത്തോടെ സുരക്ഷിതമായി എത്തിച്ചത് നാലര മണിക്കൂർ കൊണ്ട്. കാസർകോട് ജില്ലയിലെ ബളാൽ സ്വദേശി രാജേഷ് - രമാദേവി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അത്യാസന്ന നിലയിൽ അടിയന്തര ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ എത്തിച്ചത്. ഇതിനായി സഹായം ആവശ്യപ്പെട്ട് പിതാവ്, സി.പി.ടി കുവൈറ്റ് കോ- ഓർഡിനേറ്റർ ഷാഫി കോഴിക്കോട് മുഖാന്തിരം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിനെ ബന്ധപ്പെടുകയും കൂടിയാലോചനക്ക് ശേഷം മിഷൻ നടത്തുകയുമായിരുന്നു.
ദമ്പതികൾക്ക് നേരത്തെ ജനിച്ചിരുന്ന രണ്ട് കുട്ടികളും ഇതേ രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കാൻ വേണ്ടിയാണ് കുടുംബം സഹായം തേടിയത്. ലോക്ക് ഡൗൺ ആണെങ്കിലും റോഡിൽ പെരുന്നാൾ തിരക്ക് അനുഭവപ്പെട്ടിട്ടും സോഷ്യൽ മീഡിയയുടെയും കൂടി സഹായത്താൽ ദൗത്യം വിജയകരമായി പൂർത്തിയാക്കി. കോഴിക്കോട് മുതൽ തൃശ്ശൂർ വരെ പൊലീസ് ആംബുലൻസിന്റെ യാത്രക്ക് വഴിയൊരുക്കി. അജ്മൽ കൊന്നക്കാട്, സിറാജ് എന്നിവരാണ് ദൗത്യം ഏറ്റെടുത്തത്.
കുട്ടിയെ അനുഗമിച്ച് രക്ഷിതാക്കൾക്ക് പുറമേ മുൻ സ്റ്റാഫ് നഴ്‌സ് രാഹുൽ രാമകൃഷ്ണൻ, ശില്‍പരാജ് ചെറുവത്തൂർ എന്നിവരും ഉണ്ടായിരുന്നു. കൊവിഡ് വ്യാപനകാലത്ത് സ്വന്തം ജീവൻ നോക്കാതെ ഈ ദൗത്യം ഏറ്റെടുത്ത നാല് യുവാക്കളെ സോഷ്യൽ മീഡിയ വഴി നിരവധിപേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട യാത്ര തടസ്സങ്ങൾ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നീക്കിയിരുന്നു. യാത്രയ്ക്കിടയിൽ കുഞ്ഞിന് മുലപ്പാൽ നൽകാൻ തൃശ്ശൂരിൽ പത്ത് മിനിറ്റ് ആംബുലൻസ് നിർത്തിയിരുന്നു.