unemployed

ന്യൂഡൽഹി: കൊവിഡ് 19 വൈറസും ഇതിന് പിന്നാലെയെത്തിയ ലോക്ക്ഡൗണും രാജ്യത്തെ തൊഴിൽ മേഖലയെ അടിമുടി തകർത്തു കഴിഞ്ഞു. ഗ്രാമീണ പ്രദേശങ്ങളിൽ ഇനി 25.09 ശതമാനം ജനങ്ങൾക്കും തൊഴിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പ്രവാസികളുടെ വരുമാന കുറവും സേവന-വ്യാവസായിക രംഗത്തെ തകർച്ചയും ഗ്രാമീണ മേഖലയിലെ തൊഴിൽ മേഖലയെ അടുത്ത കാലത്തൊന്നും അതിജീവിക്കാനാകാത്ത പ്രതിസന്ധിയിലേക്ക് നയിക്കും. കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെയും ഭക്ഷണം വാങ്ങാനുള്ള ശേഷിയെ പോലും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

നേരത്തെ 22.79 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഭാവിയിൽ പ്രതിസന്ധി ഇതിലേറെ രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തൽ. സെൻർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ ഇക്കണോമി (സി.എം.ഐ.ഇ)യാണ് കണക്കുകൾ പുറത്തുവിട്ടത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യയിലേക്കും കിഴക്കേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തൊഴിലാളികൾ മടങ്ങിയിട്ടുണ്ട്.

ഗുജറാത്ത് അടക്കമുള്ള പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നും യു.പി സ്വദേശികളായ തൊഴിലാളികളും തിരിച്ചു പോയി. ഇതൊക്കെ വലിയ പ്രത്യാഘാതം തൊഴിൽ രംഗത്ത് ഉണ്ടാക്കിയേക്കും. ബസുകൾക്ക് പുറമേ 35 ലക്ഷം കുടിയേറ്റ തൊഴിലാളികൾ പ്രത്യേക ശ്രമിക് ട്രെയിനുകൾ വഴിമാത്രം സ്വന്തം നാടുകളിലേയ്ക്ക് എത്തിയെന്നാണ് കണക്കുകൾ. ഇത്രത്തോളം തൊഴിലാളികൾ കൂടി ഇനിയും നാടു പിടിക്കും. ഇതോടെ പ്രതിസന്ധി രൂക്ഷമാകും.