വ്യാപാരികൾക്ക് കടുത്ത നിരാശ

കണ്ണൂർ: കുട്ടികളെ മാടി വിളിക്കാൻ കടകൾക്ക് മുന്നിൽ പലനിറത്തിലുള്ള കുടകളില്ല, ഡോറയുടെയും പോക്മോന്റെയും മിക്കിമോസിന്റെയും ചിത്രം പതിപ്പിച്ച ബാഗുകളില്ല.. സ്കൂൾ വിപണിയുടെ കൊയ്തുകാലം ഇക്കുറി വരണ്ടുണങ്ങിക്കിടപ്പാണ്. മേയ് പകുതിയോടെ സജീവമാകാറുള്ള സ്കൂൾ വിപണിയാണ് ഇക്കുറി അനക്കമില്ലാതെ കിടക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് സ്കൂൾ എപ്പോൾ തുറക്കുമെന്നതിനെകുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും കച്ചവടത്തിൽ വൻ കുറവാണ് വരുത്തിയിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

ബാഗുകളെല്ലാം പഴയ സ്റ്റോക്കുകൾ പൊടി തട്ടിയെടുത്ത് കടയ്ക്ക് മുന്നിൽ തൂക്കിയിടേണ്ട അവസ്ഥയാണ് വ്യാപാരികൾക്ക്. പെൻസിൽ മുതൽ സ്കൂൾ യൂണിഫോം വരെയുള്ള നിർമ്മാണ യൂണിറ്റുകളും വ്യാപാരികളും പ്രതിസന്ധിയിലാണ്. സീസൺ പ്രതീക്ഷിച്ച് നാല് മാസം മുൻപേ കുടകൾക്കും ബാഗുകൾക്കും പണം അടച്ച് ഒാർഡർ ചെയ്ത നിരവധി വ്യാപാരികൾ നിലവിൽ വെട്ടിലായി. മുൻകൂട്ടി പണമടച്ച് ഒാ‌ർഡർ ചെയ്താൽ ചെറിയ ശതമാനം ഡിസ്കൗണ്ട് ലഭിക്കുമായിരുന്നു.

കുട എത്തുമ്പോഴേക്കും മഴ കഴിയുമോ?

ആലപ്പുഴ, ത‌ൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് കുടകൾ ധാരാളമായി ജില്ലയിലെത്തുന്നത്. എന്നാൽ ഇവിടങ്ങളിലെ നിർമ്മാണ മേഖല സ്തംഭിച്ചതോടെ ഈ കുടകളെല്ലാം ഇനി എപ്പോൾ എത്തുമെന്ന ആശങ്കയിലാണിവർ. എത്തിയാൽ തന്നെ സീസൺ കഴിയുമെന്നും വ്യാപാരികൾ പറയുന്നു.

ഇതുപോലെ തന്നെ നോട്ട് ബുക്ക് നിർമ്മാണ കേന്ദ്രമായ തൃശ്ശൂർ കുന്നംകുളത്ത് നിന്നും എത്തുന്ന നോട്ട് ബുക്ക്, മുംബെയിൽ നിന്നും ഹോൾസെയിൽ കടകളിൽ എത്തുന്ന ബാഗുകൾ, കോഴിക്കോട് നി‌ർമ്മാണ കേന്ദ്രത്തിൽ നിന്നെത്തുന്ന ഷൂസ് ഇവയെല്ലാം ഇപ്പോൾ നിർമ്മാണം മുടങ്ങി പ്രതിസന്ധിയിലാണ്. ഇത് ജില്ലയിലെ ആയിരക്കണക്കിന് ചെറുകിട വ്യാപാരികൾ ഉൾപ്പെടുന്നവരെ സാരമായാണ് ബാധിക്കുന്നത്.

ഒരു വർഷത്തെ സീസൺ പ്രതീക്ഷിച്ച് കച്ചവടം നടത്തുന്ന വ്യാപാരികൾ വൻ പ്രതിസന്ധിയിലാണ്. പലരും നേരത്തെ സാധനങ്ങൾ പണമടച്ച് ഒാർഡർ ചെയ്തിട്ടുണ്ട്. ഇവയൊക്കെ ഇനി എപ്പോൾ എത്തുമെന്ന് യാതൊരു ധാരണയുമില്ല.

പി.എം. സുഗുണൻ, ജില്ലാ സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി