കൂത്തുപറമ്പ്: തിരുവഞ്ചേരിക്കാവ് കനാൽ റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. ചീഞ്ഞഴിഞ്ഞ പഴങ്ങളും വീട്ടുമാലിന്യങ്ങളും പരിസരത്ത് തള്ളുന്നതിനാൽ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് പ്രദേശം. രാത്രിയുടെ മറവിലാണ് തിരുവഞ്ചേരിക്കാവ് മുതൽ പുറക്കളം വരെയുള്ള കനാൽ റോഡിൽ മാലിന്യം തള്ളുന്നത്.
കഴിഞ്ഞ ദിവസം വൻതോതിൽ മാലിന്യം തള്ളിയതിനെ തുടർന്ന് ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുസഹമായി. റോഡിൽ ഉൾപ്പെടെയാണ് അവശിഷ്ടങ്ങൾ.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലം സന്ദർശിച്ചു. ഹെൽത്ത് ഇൻസ്പെകർ വി.പി. ബാബു ,ജെ.എച്ച് .ഐ ബാബു പനക്കാട്, നഗരസഭ സെക്രട്ടറി കെ.കെ. സജിത്ത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി .
കഴിഞ്ഞ ദിവസങ്ങളിൽ മൂര്യാട് മേഖലയിൽ അനധികൃതമായി പഴവർഗങ്ങൾ വിൽപ്പന നടത്തിയ വാഹനം പൊലീസ് പിടികൂടുകയും പഴങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മറ്റ് കണ്ടൈൻമെന്റ് മേഖലയിൽ നിന്നും പിടിച്ചെടുത്ത പഴവർഗ്ഗങ്ങളാണ് കനാലിൽ തള്ളിയതെന്ന സംശയമുയർന്നിട്ടുണ്ട്. നേരത്തെയും ഈ ഭാഗത്ത് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. കനാലിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.