നീലേശ്വരം: ടൂറിസം മേഖലയിൽ ഹൗസ് ബോട്ടുകൾക്ക് പ്രധാന വരുമാനം ലഭിക്കുന്ന ഏപ്രിൽ, മേയ് മാസങ്ങൾ ലോക്ക് ഡൗണിലായതോടെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വഴിയാധാരമായി. സംസ്ഥാനത്ത് ആലപ്പുഴ, കുമരകം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹൗസ് ബോട്ടുകൾ ഉള്ളത് നീലേശ്വരം കോട്ടപ്പുറം പുഴയിലാണ്.
40 ഓളം ഹൗസ് ബോട്ടുകളാണ് കോട്ടപ്പുറത്തും പരിസരങ്ങളിലുമായി പ്രവർത്തിക്കുന്നത്.

ഇതിൽ രണ്ടോ മൂന്നോ ബോട്ട് ഒഴിച്ചാൽ ബാക്കിയുള്ളതെല്ലാം പാർട്ട്ണർഷിപ്പിൽ നടത്തുന്നതാണ്. ഇതിൽ തന്നെ ഗൾഫിൽ നിന്ന് തിരിച്ചുവന്നവർ സ്വയം തൊഴിലായി കണ്ടെത്തിയവരും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തവരുമാണ്. 1500 ഓളം തൊഴിലാളികളുടെ ജീവിതവും ഇതോടെ തകിടം മറിഞ്ഞു.
സാധാരണയായി ഡിസംബർ മാസം മുതൽ മേയ് അവസാനം വരെയാണ് ഹൗസ് ബോട്ടുകൾക്ക് സീസൺ കാലം. ഒഴിവുദിവസങ്ങളിലാണ് കൂടുതലായും ടൂറിസ്റ്റുകൾ എത്താറുള്ളത്.

ചെലവിന് കുറവില്ല

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നും ഇവിടെ ആൾക്കാർ എത്താറുണ്ട്.
കറന്റ് ചാർജ്, വെള്ളം, ബോട്ട് കെട്ടിയിടുന്ന സ്ഥലത്തിന്റെ വാടക, ഇതൊന്നും കൊടുക്കാൻ പറ്റാതെയും ബാങ്കിൽ ലോൺ തിരിച്ചടക്കാൻ കഴിയാതെയും നട്ടം തിരിയുകയാണ് ബോട്ടുടമകൾ.

ബൈറ്റ്

ഒരു വർഷത്തിൽ ഏപ്രിൽ, മേയ് മാസത്തെ വരുമാനം കൊണ്ടാണ് ഒരു വർഷം മുഴുവനും ചെലവ് കൊണ്ടു പോകുന്നത്. എന്നാൽ ഈ വർഷം ലോക്ക് ഡൗണിൽ കുടുങ്ങി കടക്കെണിയിലായിരിക്കുകയാണ്.

കെ. ശിവദാസൻ, ഹൗസ് ബോട്ട് ഓണേഴ്സ്

അസോ. ജില്ല പ്രസിഡന്റ്