പഴയങ്ങാടി:കണ്ണപുരം പൊലീസ് സ്റ്റേഷനിലെ 26 ഓളം പൊലീസുകാരെ ക്വാറന്റീനിലാക്കിയ റിമാൻഡ് പ്രതി അറസ്റ്റിലായത് വനിതാ പൊലിസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ. കേസുമായി ബന്ധപ്പെട്ട് കണ്ണപുരം ഇടക്കേപുറം സ്വദേശികളായ കരാറുകാരനും സഹായിയെയുമാണ് കണ്ണപുരം പൊലിസ് ഈ മാസം 23ന് അറസ്റ്റ് ചെയ്തത്.തുടർന്ന് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു.
റിമാൻറിന് മുമ്പ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വൈദ്യ പരിശോധനയുടെ ഫലം ഇന്നലെ വന്നപ്പോഴാണ് കരാറുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്.നിരവധി ഇതരസംസ്ഥാന തൊഴിലാളികളെയും സ്വദേശികളെയും വച്ച് ജോലി നടത്തുന്ന കരാറുകാരൻ മറ്റ് സ്ഥലങ്ങളിൽ പോയിട്ടില്ലെന്ന വിവരമാണ് പൊലിസ് നൽകുന്നത്.ഇദ്ദേഹത്തിന് എവിടെ നിന്ന് അസുഖം പിടിപെട്ടുവെന്നതും ദൂരൂഹമാണ്.
രണ്ട് ദിവസമായി കണ്ണപുരം പൊലിസ് സ്റ്റേഷനിൽ ജോലി നിർവ്വഹിച്ചുവരുന്നതായ പൊലീസുകാർ ക്വോറന്റീനിൽ പോയി. കണ്ണപുരം സ്റ്റേഷനുമായി ബന്ധപെട്ട് പ്രവർത്തിച്ച പഴയങ്ങാടി സി.ഐയെയും ക്വാറന്റീനിലായിട്ടുണ്ട്. കരാറുകാരനുമായി അടുത്ത് ഇടപഴകിയ തൊഴിലാളികളായ അഞ്ച് പേരും സ്വമേധയ ക്വാറന്റീനിൽ പ്രവേശിച്ചു.