ചെറുവത്തൂർ: ബോട്ടുകളെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ അനുവദിക്കാത്ത മണൽത്തിട്ടകൾ, ലോക്ക് ഡൗണിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങൾ, നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ മത്സ്യങ്ങളുടെ പ്രജനനം മുൻനിർത്തിയുള്ള ട്രോളിംഗ് നിരോധനം, എല്ലാംകൂടി മടക്കര തുറമുഖത്തെ മത്സ്യതൊഴിലാളികൾ ആശങ്കയുടെ നടുവിലാണ്. എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഇവരുടെ ചോദ്യം.
ഇന്നലെ പുലർച്ചെ കടലിൽ പോവുകയായിരുന്ന മുഴക്കീൽ ഷാജിയുടെ നിലമംഗലം എന്ന ബോട്ട് മണൽതിട്ടയിൽ കുരുങ്ങിയത് ഈ മേഖലയിൽ മത്സ്യതൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയിൽ ഒടുവിലത്തേതാണ്. ലോക്ക് ഡൗൺ കാരണം മാസങ്ങളോളം കടലിൽ പോകാൻ കഴിയാതെ വന്നിരുന്ന ബോട്ടുകൾ ഈ മാസം 6 നാണ് വീണ്ടും കടലിലിറങ്ങിയത്. എന്നാൽ മണൽതിട്ട വില്ലനായത് യാനങ്ങളുടെ സുഗമമായ യാത്രക്ക് പ്രതികൂലമായി.
കരയിൽ നിന്നും 200 മീറ്ററോളം ദൂരത്തിൽ രൂപപ്പെട്ട മണൽത്തിട്ട കാരണം ബോട്ടുകൾക്ക് തുറമുഖത്തേക്ക് തക്ക സമയത്ത് എത്താൻ കഴിയാത്തതിനാൽ പുഴയിൽ തന്നെ നിർത്തി വള്ളങ്ങളിൽ കയറ്റിയാണ് മത്സ്യം തുറമുഖത്ത് എത്തിക്കുന്നത്.
ജൂൺ 9 ന് അർദ്ധരാത്രി മുതൽ മൺസൂൺ കാല ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരും. ഇതോടെ മേഖലയിലെ മത്സ്യ തൊഴിലാളികളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാകും.
ബോട്ട് ചാനൽ നിർമിച്ചിട്ടും ഫലമില്ല
3.69 കോടി ചെലവിട്ട് അഴിമുഖം മുതൽ തുറമുഖം വരെ ബോട്ട് ചാനൽ നിർമിച്ചിട്ടും മണൽത്തിട്ട കാരണം ബോട്ടുകൾക്ക് സമയത്ത് കടലിൽ പോകാനും വരാനും കഴിയാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചാനൽ നിർമാണത്തിനിടയിൽ ലഭിച്ച മണ്ണ് കൊണ്ട് പുഴയിൽ 15 എക്കർ വിസ്തൃതിയിൽ ക്രിത്രിമ ദ്വീപും നിർമിച്ചിരുന്നു. എന്നാൽ ഇതിന്റെ പ്രയോജനം മത്സ്യബന്ധന മേഖലക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. എം. രാജഗോപാലൻ എം.എൽ.എ യുടെ ഇടപെടലിനെ തുടർന്ന് ബോട്ട് ചാനൽ നവീകരിക്കാൻ സർക്കാർ 29 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടിയിലെത്തിയ ഈ പദ്ധതി മഴക്കാലത്തിന് ശേഷമേ നടപ്പിലാക്കുകയുള്ളു.