ചെറുവത്തൂർ: ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇന്ന് മുതൽ പരീക്ഷയെഴുതാൻ വിദൂരങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി ബസ് ഓടിക്കും. മലയോര മേഖലയിലെ കുട്ടികൾക്ക് വേണ്ടിയാണ് 2 ബസുകൾ ഓടിക്കുന്നത്. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ കളക്ടർ ഡോ.സജിത്ത് ബാബുവിനെ ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടി. കൊന്നക്കാട് നിന്ന് ഒരു ബസ് രാവിലെ 10.45 ന് പുറപ്പെട്ട് വെള്ളരിക്കുണ്ട്, ചീമേനി വഴി ചെറുവത്തൂരിൽ എത്തും. മറ്റൊരു ബസ് രാവിലെ 11ന് പാണത്തൂരിൽ നിന്ന് പുറപ്പെട്ട് കാഞ്ഞങ്ങാട് വഴിയും ചെറുവത്തൂരിൽ എത്തും. വൈകിട്ട് പരീക്ഷ അവസാനിച്ച് കുട്ടികളെ ബസിൽ തിരിച്ചെത്തിക്കുകയും ചെയ്യും.