കണ്ണൂർ: ജില്ലയിൽ 10 പേർക്കു കൂടി ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അഞ്ചു പേർ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണ്. ബാക്കി അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
മേയ് 17ന് കൊച്ചി വിമാനത്താവളം വഴി അബുദാബിയിൽ നിന്നുള്ള ഐഎക്സ് 452 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 32കാരൻ, പാനൂർ സ്വദേശി 34കാരൻ, തലശ്ശേരി കുട്ടിമാക്കൂൽ സ്വദേശി 28കാരൻ, ദുബായിൽ നിന്നുള്ള ഐഎക്സ് 434 വിമാനത്തിലെത്തിയ പാനൂർ കരിയാട് സ്വദേശി 49കാരൻ, 12ന് ദുബായിൽ നിന്നുള്ള ഐഎക്സ് 814 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ ചൊക്ലി സ്വദേശി 73കാരൻ (ഇപ്പോൾ താമസം പന്ന്യന്നൂർ) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ധർമടം സ്വദേശികളായ 35 വയസ്സുള്ള ഒരു സ്ത്രീ, 36 വയസ്സുള്ള രണ്ടു സ്ത്രീകൾ, ചെറുകുന്ന് സ്വദേശി 33കാരൻ, ചെറുപുഴ സ്വദേശി 49കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 188 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 10975 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 54 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 43 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 22 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 18 പേരും വീടുകളിൽ 10838 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 5750 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5526 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 5221 എണ്ണം നെഗറ്റീവാണ്. 224 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.