കണ്ണൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കുമ്പോൾ കണ്ണൂരിൽ പരീക്ഷാ കേന്ദ്രങ്ങളിലെ മുൻകരുതൽ നടപടികൾ പൂർത്തിയായി. ചൊവ്വാഴ്ച മുതൽ 30 വരെയാണ് പരീക്ഷകൾ നടക്കുക. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും സമയബന്ധിതമായും പരീക്ഷകൾ എഴുതാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ പൂർത്തിയായി.
സ്‌കൂളുകളിൽ രണ്ടു ഘട്ടങ്ങളിലായുള്ള അണുനശീകരണ പ്രവർത്തനങ്ങൾ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തി. ഓരോ ദിവസവും പരീക്ഷകൾ കഴിഞ്ഞാൽ അണുനശീകരണം നടത്തും. ഒരു ക്ലാസിൽ 20 വിദ്യാർത്ഥികൾ എന്ന രീതിയിലാണ് പരീക്ഷ ഹാൾ ക്രമീകരണം. പരീക്ഷ ദിവസങ്ങളിൽ ആശ വർക്കർമാരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് തെർമ്മൽ സ്‌കാനിംഗ് ഏർപ്പെടുത്തും. പരിശോധന നടത്തുന്നതിനായി രണ്ട് ആരോഗ്യ പ്രവർത്തകരും ഉണ്ടാകും. പനിയോ മറ്റ് അസുഖ ലക്ഷണങ്ങളോ കാണപ്പെടുന്നുണ്ടെങ്കിൽ അവർക്കായി പ്രത്യേക പരീക്ഷാ മുറികളും ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കാവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും സ്‌കൂളുകളിൽ സൂക്ഷിച്ചിട്ടുണ്ട്. പി.ടി.എയും വിവിധ സന്നദ്ധ സംഘടനകളും എൻ.സി.സിയും മാസ്‌കുകൾ തയ്യാറാക്കി നൽകിക്കഴിഞ്ഞു. വാഹന സൗകര്യം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബസും സ്വകാര്യ വാഹനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

കുടിവെള്ളം വീടുകളിൽ നിന്നും കൊണ്ടുവരണം

ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുന്നതിന് സൗകര്യമുണ്ട്

വാഹന പാർക്കിംഗ്, പൊലീസ് സഹായം എന്നിവയും ഉറപ്പാക്കി

പി.ടി.എ യുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ക്രമീകരണങ്ങൾ

1.04 ലക്ഷം കുട്ടികൾ

ജില്ലയിൽ ആകെ 1,04,064 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സിക്ക് 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33,737 കുട്ടികളും ഹയർസെക്കൻഡറിക്ക് 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67,427 (പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിൽ), വി.എച്ച്.എസ്.ഇക്ക് 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2900 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.