ചെറുപുഴ: മുള്ളൻപന്നിയെ വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്
മജിസ്ട്രേട്ടും, വക്കീലും, കോടതി ജീവനക്കാരും പൊലീസുകാരും ഉൾപ്പെടെ ക്വാറന്റൈനിലായി.
ഈ മാസം 21ന് പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് അയച്ചിരുന്നു. ഈ സമയത്ത് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവായത്.ഇതോടെ, മജിസ്ട്രേട്ടും, കോടതിയിലെ എട്ട് ജീവനക്കാരും, അന്ന് കോടതി ഡ്യൂട്ടിയുണ്ടായിരുന്ന ചെറുപുഴ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസറും ,പ്രതിയെ കണ്ണൂർ സബ് ജയിലിലേയ്ക്ക് കൊണ്ടുപോയ പൊലീസ് ജീപ്പ് ഡ്രൈവറും പ്രിസൺ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പൊലീസ് ഓഫീസർമാരും ക്വാറന്റൈനിൽ പ്രവേശിച്ചു. കൂടാതെ,പ്രതിക്കു വേണ്ടി ഹാജരായ വക്കീലും ഓഫീസ് ജീവനക്കാരും ക്വാറന്റൈനിലായി. കോടതിയും പൊലീസ് സ്റ്റേഷനും അഗ്നിശമന സേന അണുവിമുക്തമാക്കി.
ചെറുപുഴ തട്ടുമ്മലിൽ ഏപ്രിൽ നാലിന് രാത്രി പൊലീസിനെ കണ്ടതോടെ, വേട്ടയാടി പിടിച്ച മുള്ളൻപന്നിയെയും മൂന്ന്തോക്കുകളും തിരകളും കത്തിയും ഉപേക്ഷിച്ച് നായാട്ട് സംഘം ഓടി രക്ഷപ്പെട്ടിരുന്നു.ഹൈക്കോടതിയിൽ നിന്ന് ജാമ്യത്തിന് ശ്രമിച്ച മുഖ്യപ്രതിയായ തട്ടുമ്മൽ സ്വദേശി, ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഒളിവിലിരുന്നപ്പോൾ ഇയാൾ താമസിച്ച സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.ഇയാൾ ബന്ധപ്പെട്ട വ്യക്തികളുടെ വിവരവും ശേഖരിക്കുന്നു .ഇയാളുടെ ഭാര്യയെയും കുട്ടികളെയും സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയി. നായാട്ട് സംഘത്തിലെ മറ്റുള്ളവർ ഒളിവിലാണ്.