കണ്ണൂർ: പരീക്ഷകൾ നടത്തുന്ന കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കർശന സുരക്ഷാ മുൻകരുതൽ. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമുള്ള ക്രമീകരണങ്ങൾക്കൊപ്പം പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ നടപടികളും ഒരുക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്ക് 500 മീറ്റർ ചുറ്റളവിൽ കടകൾ തുറക്കാൻ പാടില്ല.

പരീക്ഷ എഴുതാനെത്തുന്ന കുട്ടികൾ പുറത്തുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് നടപടി. കണ്ടൈന്റ്‌മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരം പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും ഏർപ്പെടുത്തി. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ, അവരുടെ രക്ഷിതാക്കൾ പരീക്ഷ ജോലിയിലുള്ള അദ്ധ്യാപകർ, സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് നിരോധനാജ്ഞ ബാധകമല്ല. ഇവരല്ലാതെ ആരും സ്‌കൂൾ പരിസരത്ത് കൂട്ടം കൂട്ടുന്നത് അനുവദിക്കില്ല. ചൊവ്വാഴ്ച മുതൽ 30 വരെയാണ് പരീക്ഷകൾ നടക്കുന്നത്.
ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര എന്നിവർ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി.