ആലക്കോട്(കണ്ണൂർ): ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.15 ഓടെ അരങ്ങം പൊലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് ബസ് പിടികൂടിയത്.
മണക്കടവിൽ നിന്നു തളിപ്പറമ്പിലേക്ക് സർവീസ് നടത്തുന്ന ദ്വാരക ബസ് തടഞ്ഞു പൊലീസ് പരിശോധിച്ചപ്പോൾ 65 പേർ യാത്ര ചെയ്യുന്നതായി കണ്ടു. 25 യാത്രക്കാരെ കയറ്റാൻ മാത്രമേ നിലവിൽ അനുമതിയുള്ളു. ഒരുസീറ്റിൽ ഒരാൾ മാത്രം എന്നതിനുപകരം മുഴുവൻ സീറ്റുകളിലുമായി 50 പേരും കൂടാതെ 15 പേർ നിന്നും യാത്ര ചെയ്യുകയാരുന്നു. യാത്രക്കാരെ അവിടെ ഇറക്കിയ ശേഷം ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ് ഡ്രൈവർ പാത്തൻപാറ സ്വദേശി കുമ്പിടിയാമ്മാക്കൽ ദീപു ജോസഫ് (30), കണ്ടക്ടർ മംഗര സ്വദേശി പുതുപ്പറമ്പിൽ ലതീഷ് (33) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.