കണ്ണൂർ: രണ്ട് റിമാൻഡ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ സബ് ജയിലിലെ ജീവനക്കാർ ആശങ്കയിലായി. കണ്ണപുരം, ചെറുപുഴ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായ രണ്ട് തടവുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണപുരത്ത് അറസ്റ്റിലായ യുവാവ് 21നും ചെറുപുഴയിൽ അറസ്റ്റിലായ യുവാവ് 23 നുമാണ് കണ്ണൂർ സബ് ജയിലിലെത്തുന്നത്. ജയിൽ സൂപ്രണ്ട് അടക്കമുള്ള 16 ഉദ്യോഗസ്ഥരും ഇവരെ റിമാൻഡ് ചെയ്ത പയ്യന്നൂർ, കണ്ണൂർ കോടതിയിലെ മജിസ്ട്രേറ്റുമാരും ക്വാറന്റൈനിലായി. ഇവരുടെ റൂട്ട് മാപ്പും മറ്റും തയ്യാറാക്കുന്നത് ആരോഗ്യവകുപ്പ് ജീവനക്കാർക്കും കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.
റിമാൻഡ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ജയിൽ ജീവനക്കാരെ പരക്കെ ആശങ്കയിലാക്കിയിട്ടുണ്ട്. വിശദമായ പരിശോധന നടത്തി മാത്രമാണ് തടവുകാരെ ജയിലിലേക്ക് പ്രവേശിപ്പിക്കാറുള്ളത്. ജൂൺ ഒന്നു മുതൽ പരോളിൽ പോയ തടവുകാരെ മുഴുവൻ തിരിച്ച് പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവും ഇവരെ ആശങ്കയിലാക്കി. കണ്ണൂർ സെൻട്രൽ ജയിലിൽ പരോളിൽ പോയ 120 പേരും ഇടക്കാല ജാമ്യം നേടിയ 85 പേരുമാണ് തിരികെ പ്രവേശിക്കേണ്ടത്.