കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഇന്നലെ 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 228 ആയി. മൂന്നാംഘട്ടത്തിൽ 50 പേർക്കാണ് രോഗം വന്നത്. ഇതിൽ ഭൂരിഭാഗം പേരും മഹാരാഷ്ട്രയിലെ അതിതീവ്ര ബാധിത പ്രദേശങ്ങളിൽ നിന്ന് നാട്ടിലെത്തിയവർ. മൂന്നാം ഘട്ടത്തിൽ കൊവിഡ് ബാധിതരിൽ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 50 ൽ കേസുകളിൽ 34 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. കുമ്പള, വോർക്കാടി, പൈവളികെ, മംഗൽപാടി പഞ്ചായത്തുകളിൽ നിന്നുള്ളവർക്കാണ് രോഗം ബാധിച്ചത്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും മഹാരാഷ്ട്രയിൽ നിന്ന് ആളുകൾ എത്തി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരുടെ പരിശോധന ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
അതിനിടെ പൈവളികെയിലെ സി.പി.എം നേതാവും കുടുംബവും രോഗമുക്തരായി ഇന്നലെ ആശുപത്രിയിൽ നിന്നും മടങ്ങി. നേതാവ്, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരാണ് എന്നിവരാണ് രോഗം ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കാസർകോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള 41 വയസുള്ള മഹാരാഷ്ട്രയിൽ നിന്നും വന്ന കുമ്പള സ്വദേശിയാണ് രോഗമുക്തി നേടിയ മറ്റൊരാൾ . ആദ്യഘട്ടത്തിൽ വുഹാനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർഥിക്കും,രണ്ടാം ഘട്ടത്തിൽ 177 പേർക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.