കാസർകോട്: സർക്കാർ നിർദേശ പ്രകാരം എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചെങ്കിലും ഇവിടെ പരീക്ഷ എഴുതേണ്ടുന്ന കർണാടകയിലെ കുട്ടികളിൽ ചിലർക്ക് കേരള അതിർത്തി കടക്കാനായില്ല. 53 കുട്ടികളാണ് അതിർത്തി കടക്കാനാവാതെ കർണാടകയിൽ തന്നെ കഴിയുന്നത്.

ഇതിൽ കൂടുതൽ പേരും എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ട കുട്ടികളാണ്. രാവിലെ ഹയർ സെക്കൻഡറി പരീക്ഷ എഴുതേണ്ട കുട്ടികളിൽ കുറച്ചു പേരും എത്തിയില്ല. കാസർകോട്ട് പരീക്ഷ എഴുതേണ്ട 264 കുട്ടികളിൽ 211 പേർക്കാണ് ജില്ലയിൽ എത്താൻ കഴിഞ്ഞത്. തലപ്പാടി അതിർത്തിയിൽ എത്തിയ ഈ കുട്ടികളെ ആരോഗ്യ വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും പ്രത്യേകം കെ.എസ്.ആർ.ടി.സി ബസ് ഏർപ്പാട് ചെയ്താണ് കുട്ടികളെ സ്കൂളുകളിൽ എത്തിച്ചത്. രാവിലെ മുതൽ രാത്രി വരെ ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.

എന്നാൽ 53 കുട്ടികളുടെ കുറവുണ്ടായത് വിദ്യാഭ്യാസ വകുപ്പിനും ആശങ്കയുണ്ടാക്കി. യാത്രാ സൗകര്യത്തിന്റെ പ്രശ്നങ്ങളും കാസർകോട് എത്തിയാൽ താമസിക്കാനുള്ള സൗകര്യം സംബന്ധിച്ച ആശയക്കുഴപ്പവും ആണ് കുട്ടികൾ വരുന്നത് കുറഞ്ഞത് എന്നാണ് പറയുന്നത്. കൂടാതെ കർണാടകയുടെ വിവിധ ഭാഗങ്ങളിലെ ലോക്ക് ഡൗൺ തടസം കാരണം കുട്ടികൾക്ക് തലപ്പാടി അതിർത്തിയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല.