pic

കണ്ണൂർ: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് നടക്കുന്ന സാഹചര്യത്തിൽ ജില്ലയിലും അതീവ ജാഗ്രത. ഇന്ന് മുതൽ 30 വരെയായാണ് പരീക്ഷ നടക്കുന്നത്. ജില്ലയിൽ ആകെ 1,04,064 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സിക്ക് 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33,737 കുട്ടികളും, ഹയർ സെക്കന്ററിക്ക് 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67,427, വി.എച്ച്.എസ്.ഇക്ക് 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2,900 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളിൽ തെർമൽ സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതിലേക്കായി രണ്ട് ഫീൽഡ് ലവൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉണ്ടാകുമെന്ന് സർവ ശിക്ഷാ അഭയാൻ ജില്ലാ പ്രൊജക്ട് ഓഫീസർ ടി.പി വേണുഗോപാലൻ പറഞ്ഞു.

കുട്ടികൾക്ക് എത്താനുള്ള യാത്രാസൗകര്യങ്ങളൊക്കെ അതത് സ്കൂൾ അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്. വാഹന സൗകര്യം ഇല്ലാത്തവർക്കായി സ്കൂൾ ബസോ കെ.എസ്.ആർ.ടി.സിയോ ഏർപ്പാടാക്കിയിട്ടുണ്ട്. പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി തൊട്ടടുത്ത ആഴ്ചയിൽ തന്നെ വേറെ പരീക്ഷയും നടത്തും. സേ പരീക്ഷയെന്ന ലേബലൊന്നും ഇതിന് ഉണ്ടാകില്ല. കുട്ടികൾക്കുള്ള മാസ്കുകളും മാർഗ രേഖയും രണ്ട് ദിവസം മുൻപേ വീട്ടിലെത്തിച്ചിരുന്നു. ആരോഗ്യ വകുപ്പ്, പി.ടി.എ, പൊലീസ് എന്നിവരുടെ സാനിദ്ധ്യമൊക്കെ ഇന്ന് മുതൽ സ്കൂളുകളിൽ ഉണ്ടാകും.