കണ്ണൂർ: കൊവിഡ് 19 വൈറസ് വ്യാപനം ആരോഗ്യ പ്രവർത്തകരിലേക്കും പൊലീസ് സേനയിലേക്കും പടരുന്നത് സംസ്ഥാനത്ത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. മാനന്തവാടിയിലാണ് ആദ്യം പൊലീസുകാരിലേക്ക് കൊവിഡ് എത്തിയത്. രോഗ വ്യാപനത്തെ തുടർന്ന് മാനന്തവാടി പൊലീസ് സ്റ്റേഷൻ കോംപ്ളക്സ് പൂർണമായും പ്രവർത്തനം നിറുത്തിവയ്ക്കേണ്ടിവന്നിരുന്നു. പരാതിപോലും ഓൺലൈനിലൂടെയാണ് സ്വീകരിച്ചത്. പൊലീസ് പിടികൂടിയ ഒരു പ്രതിയിൽ നിന്നുമാണ് പൊലീസുകാരിലേക്ക് വൈറസ് പടർന്നത്. ഇപ്പോഴാകട്ടെ ജയിലുകളിലേക്ക് കൂടി വൈറസ് വ്യാപനം ഉണ്ടായിരിക്കയാണ്. റിമാൻഡ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂരിലെ ജയിലുകളും പൊലീസ് സ്റ്റേഷനുകളും കോടതികളും അതീവ ജാഗ്രതയിലാണ്.
അതേസമയം പ്രതികൾക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്നു കണ്ടെത്താൻ കഴിയാത്തത് ആശങ്ക കൂടാനും ഇടയായിട്ടുണ്ട്. പുതിയതായി എത്തുന്ന റിമാൻഡ് തടവുകാരെ ജില്ലയിൽ കണ്ണൂർ സബ് ജയിലിലാണ് ഇപ്പോൾ പാർപ്പിക്കുന്നത്. കൊവിഡ് പരിശോധന നടത്തിയ ശേഷമാണ് പ്രതികളെ കോടതിയിലും ജയിലിലും എത്തിക്കുന്നതെങ്കിലും, പരിശോധനയുടെ ഫലം വരുന്നത് ഇവർ കോടതിയിലും ജയിലിലും എത്തിയശേഷമാണ്. പുതിയതായി റിമാന്റിലെത്തുന്ന തടവുകാരെ, പരിശോധനാഫലം വരുന്നതുവരെ പാർപ്പിക്കാനാണ് ജില്ലയിൽ കണ്ണൂർ സബ് ജയിൽ ഉപയോഗിച്ചിരുന്നത്. പരിശോധനാഫലം നെഗറ്റീവാകുന്നവരെ സ്‌പെഷൽ സബ് ജയിലിലേക്കാണ് അയച്ചിരുന്നത്. സബ് ജയിലിൽ നിലവിൽ 12 തടവുകാരാണ് ഉണ്ടായിരുന്നത്.
തടവുകാരുടെ പരിശോധന ഫലം പൊസിറ്റീവായതിനെ തുടർന്ന് കണ്ണൂർ സബ് ജയിൽ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ജയിലിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് ഉള്ളത്. ഇനി റിമാൻഡ് ചെയ്യുന്നവരെ സ്‌പെഷൽ സബ്ജയിലിലേക്കാണ് അയക്കുക. ഇതു സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. ജില്ലയിൽ സ്റ്റേഷൻ ഹൗസ് ഓഫിസറും എസ്‌ഐയുമടക്കം കണ്ണപുരം സ്റ്റേഷനിലെ 27 പൊലീസുകാർ ക്വാറന്റീനിൽ പോയതോടെ സ്റ്റേഷൻ പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കയാണ്. പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ സജീവമാകേണ്ടി വരുമ്പോഴാണ് സേനാംഗങ്ങൾക്ക് കൂട്ടത്തോടെ നിരീക്ഷണത്തിലേക്ക് പോകേണ്ടി വരുന്നത്. ഇത് വരും ദിവസങ്ങളിൽ സേനയുടെ കാര്യക്ഷമതയെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്.
മലയോര സ്റ്റേഷനായ ചെറുപുഴയിൽ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സി.പി.ഒ, ഡ്രൈവർ, ജയിൽ അകമ്പടി ഡ്യൂട്ടിയിലുണ്ടായിരുന്ന 2 സി.പി.ഒമാർ എന്നിവർ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം ലഭിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകും. സമാനമായ സംഭവമാണ് ആരോഗ്യ പ്രവർത്തകരിലും ദൃശ്യമാകുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കാൻ തയ്യാറായിരുന്നു എങ്കിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിയുമായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗ ബാധ ഉണ്ടായത് കടുത്ത ആശങ്കയ്ക് ഇടയായിട്ടുണ്ട്.