കണ്ണൂർ: മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് നടത്തിയ ട്രെയിൻ സർവീസിനെ കുറിച്ച് സി.പി.എം കളവ് പ്രചരിപ്പിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ മൂലം കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടു. എന്നാൽ മഹാരാഷ്ട്ര സർക്കാർ യാത്രക്കാരുടെ യാത്രാ ചെലവ് വഹിച്ചുകൊണ്ട് ട്രെയിനിൽ മലയാളികളെ സ്വന്തം നാട്ടിലെത്തിച്ച സത്കർമ്മത്തെ ഇകഴ്ത്തി കാട്ടാനും കോൺഗ്രസ് നേതൃത്വം ചെയ്ത നന്മയിൽ തെറ്റിദ്ധാരണ പരത്താനും കളവ് പ്രചരിപ്പിക്കാനും സി.പി.എം പരിശ്രമിക്കുന്നു. ഇത് സമൂഹ്യ മന:സാക്ഷിയോടുള്ള കൊഞ്ഞനം കുത്തലാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
ആയിരക്കണക്കിന് മലയാളികൾ അന്യസംസ്ഥാനങ്ങളിൽ ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളിൽപ്പെട്ട് കഷ്ടപ്പെടുമ്പോൾ അവരെ സ്വദേശത്ത് എത്തിക്കാൻ ചെറുവിരലനക്കാത്ത ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വ്യാജ പ്രചാരണം നടത്തി തമസ്‌ക്കരിക്കാൻ കഴിയുമോ എന്നുള്ള സി.പി.എമ്മിന്റെ പാഴ്ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് സതീശൻ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും കടന്നുവരുന്നവർ മുഴുവൻ കൊവിഡ് വാഹകരാണെന്ന രൂപത്തിൽ നവമാദ്ധ്യമങ്ങളിലൂടെ മരണത്തിന്റെ വാഹകർ എന്ന് പറഞ്ഞ് സി.പി.എം പ്രചരിപ്പിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂര നടപടിയാണ്.
മുംബയിൽ നിന്ന് മേയ് 22ന് രാത്രി 9.50ന് പുറപ്പെട്ട ട്രെയിനിലെ വിവരം 19ന് തന്നെ കേരള സർക്കാരിന് കൈമാറിയതിന്റെ രേഖകൾ ലഭ്യമാണ്. കേരളത്തിന്റെ കൊവിഡ് നോഡൽ ഓഫീസറും അഡീഷണൽ ചീഫ് സെക്രട്ടറിയായ വിശ്വനാഥ് സിൻഹയും, മഹാരാഷ്ട്രയിലെ സംസ്ഥാന കൊറോണ നോഡൽ ഓഫീസറും, അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ.നിധിൻ കരീറും തമ്മിൽ നിരവധി പ്രാവശ്യം ഫോണിലും സംസാരിച്ചു. കേരളത്തിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള കോൺഗ്രസിന്റെ പരിശ്രമത്തെ നിഷേധാത്മകമായ സമീപനം മൂലം അവസാനഘട്ടം വരെ ട്രെയിൻ വരാതിരിക്കാൻ ശ്രമം പോലും നടത്തിയ കേരള സർക്കാർ മന:സാക്ഷിയില്ലാതെയാണ് പ്രവർത്തിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.
സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ സ്വീകരിച്ച് നാട്ടിലെത്താൻ പരിശ്രമിച്ച മലയാളികളെ അകറ്റി നിറുത്താൻ ശ്രമിക്കുകയും കൊവിഡ് വാഹകരെന്ന് പ്രചരിപ്പിക്കുകയും കോൺഗ്രസിനെ കൊവിഡ് പരത്തുന്നവർ എന്ന് ആക്ഷേപിക്കുകയും ചെയ്ത സി.പി.എം, സൈബർ ഇടങ്ങളിലെ ക്രിമിനലുകളെ ഉപയോഗിച്ച് മര്യാദകെട്ട പ്രചാരണം നടത്തിയതിനെതിരെ പരസ്യമായി മാപ്പു പറയണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.