കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി എന്നീ പ്രദേശങ്ങളിൽ അവകാശ വാദം ഉന്നയിക്കുന്ന നേപ്പാൾ കൊവിഡിലും പഴി ചാരലുമായി രംഗത്ത്. പരിശോധന കൂടാതെ ഇന്ത്യയിൽ നിന്നു തിരിച്ചെത്തുന്ന കുടിയേറ്റക്കാരിലൂടെയാണ് നേപ്പാളിൽ രോഗ വ്യാപനം ഉണ്ടാകുന്നതെന്നാണ് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ കുറ്റപ്പെടുത്തൽ.
തിരിച്ചെത്തുന്ന തൊഴിലാളികളെ ഇന്ത്യ പരിശോധനയ്ക്ക് വിധേയരാക്കുന്നില്ല. നേപ്പാളിലെ വൈറസ് വ്യാപനത്തിന് കാരണം ഇതാണെന്നും ഒലി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നിബന്ധന പ്രകാരം അതിർത്തി കടക്കുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് നിർബന്ധമാണ്. കുടിയേറ്റക്കാർ ആരോഗ്യ നിർദേശങ്ങളും നടപടികളും ലംഘിക്കുകയാണ്. ഇതാണ് നേപ്പാളിലെ കൊവിഡ് വ്യാപനത്തിന് കാരണമെന്നും ഒലി കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ ആഴ്ച നേപ്പാളി പാർലമെന്റിലും രോഗബാധയ്ക്കു കാരണം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇന്ത്യൻ വൈറസ് ചൈനീസ് വൈറസിനേക്കാൾ മാരകമാണ്. പ്രാദേശിക പാർട്ടി നേതാക്കൾ അനധികൃത കുടിയേറ്റക്കാർക്ക് സഹായം ചെയ്യുന്നു എന്നിങ്ങനെ നീളുന്നു വിമർശനം. നേപ്പാളിൽ ഇതുവരെ 682 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരാണ് മരിച്ചത്.