pic

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്തെ കർഷകരുടെ നട്ടെല്ല് ഒടിക്കുന്നു. ആവശ്യമായ വിപണി ലഭിക്കാത്തതോടെ തെരുവിൽ നേരിട്ട് വിൽക്കാൻ തയ്യാറായിട്ടും മുതൽ മുടക്ക് പോലും തിരിച്ച് കിട്ടുന്നില്ലെന്നാണ് പരാതി. ഡൽഹി- ലക്നൗ പാതയോരത്തെല്ലാം ഉത്തർപ്രദേശത്തുള്ള കർഷകർ തമ്പടിച്ചിട്ടുണ്ട്.ചന്തകൾ അടച്ചതോടെയാണ് ഇവർ തങ്ങളുടെ വിളവുകളുമായി റോഡരികിൽ വില്പനയ്ക്ക് ഇറങ്ങുന്നത്. കിലോയ്ക്ക് 15 രൂപ ലഭിച്ചിരുന്ന പടവലങ്ങയ്ക്ക് ഇപ്പോൾ മൂന്നര രൂപയാണ് പരമാവധി വില. ചന്തകൾ രാവിലെ ആറ് മുതൽ പത്തുമണി വരെ മാത്രം പ്രവർത്തിക്കുന്നതിനാൽ ഇവ ചീഞ്ഞളിഞ്ഞ് പോകുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതിയിലും ഇടിവുണ്ട്. ബീഹാർ, ബംഗാൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉരുളകിഴങ്ങ് പോലും ഇവരുടെ തോട്ടത്തിൽ കിടക്കുകയാണ്. കോൾഡ് സ്റ്റോറേജ് യൂണിറ്റുകളൊന്നും ഫലപ്രദമായി ഉപയോഗിക്കുന്നില്ല. ഈ അവസ്ഥ കർഷക ആത്മഹത്യ പെരുകാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

2016-2020 കാലയളവിൽ കർഷക ആത്മഹത്യ 75000 കടക്കുമെന്ന് 1987 ബാച്ചിലെ ഇന്ത്യൻ എക്കണോമിക് സർവീസ് ഓഫീസറായ പി.സി ബോധ് നേരത്തെ വിലയിരുത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സ്ഥിതി ഇതിലേറെ ഗുരുതരമായേക്കുമെന്നാണ് ആശങ്ക. രാജ്യത്ത് 1995 മുതലുള്ള 25 വർഷത്തിനിടെ നാല് ലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്തത്. 1995-2007 കാലയളവിൽ മാത്രം 2.07 ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു. 2004 ൽ 18,241 പേർ ജീവനൊടുക്കിയപ്പോൾ 2007 ൽ 16,632 കർഷകരും ജീവനൊടുക്കി.

2008 മുതൽ 2015 വരെ 1.14 ലക്ഷം കർഷകർ ജീവനൊടുക്കി. വാർഷിക ശരാശരി 14,255 ആണ്. 2009 ൽ 17,368 ഉം 2013 ഓടെ 11,772 ഉം ആയിരുന്നു കർഷക ആത്മഹത്യയുടെ കണക്ക്. 1995 നും 2015 നും ഇടയിൽ ഒരു വർഷം ശരാശരി കർഷക ആത്മഹത്യ 15,306 ആയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ വലിയൊരു വിഭാഗം കാർഷിക മേഖലയോട് വിടപറഞ്ഞേക്കുമെന്നാണ് ആശങ്ക.