കണ്ണൂർ: വിലക്കുറവിന്റെ ലഹരി നുണയുന്നവരുടെ സ്വർഗമാണ് മയ്യഴി. ജാതിയില്ല, മതമില്ല, ദേശ വ്യത്യാസമില്ല. മയ്യഴിപ്പുഴയും കടലിരമ്പവും ആസ്വദിച്ച് എല്ലാവർക്കും മദ്യം നുണയാം. രണ്ടു ദിവസത്തിനുള്ളിൽ ഇവിടത്തെ മദ്യശാലകൾ തുറക്കുമെങ്കിലും കേരളത്തിലെ കുടിയന്മാരുടെ മോഹം നടക്കില്ല. മദ്യവില ഏകീകരിക്കാനുള്ള തീരുമാനം ഇരുട്ടടിയായയത് ഇവിടുത്തെ കുടിയന്മാർക്കാണ്. മാഹിയിൽ അടുത്ത മൂന്ന് മാസത്തേക്ക് കേരളത്തിലെ അതേ വില ഏർപ്പെടുത്താനാണ് പുതുച്ചേരി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ അതേ വില മാഹിയിലും ഏർപ്പെടുത്തിയാൽ മദ്യം വിറ്റുപോകില്ലെന്നാണ് ബാറുടമകൾ പറയുന്നത്.വിലക്കുറവ് മൂലം കേരളത്തിൽ നിന്ന് ആളുകൾ കൂട്ടമായെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് വില വർദ്ധിപ്പിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്..അതേ സമയം കേരളത്തിൽ വിൽപ്പനയില്ലാത്ത ബ്രാൻഡുകൾക്ക് വില വർദ്ധനയുണ്ടാകില്ല.. ആധാർ നമ്പറുള്ള പുതുച്ചേരി സംസ്ഥാനത്തുള്ളവർക്ക് മദ്യം നൽകിയാൽ മതിയെന്ന നിബന്ധന നീക്കിയതിനു പകരമായാണ് വില ഏകീകരിക്കാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചത്.. കൊവിഡ് കാലത്തെ തിരക്ക് നിയന്ത്രിക്കാനാണ് തീരുമാനമെന്ന് പുതുച്ചേരി സർക്കാർ പറയുമ്പോഴും കേരളത്തിലെ കുടിയന്മാർക്ക് അത് ചങ്ക് പിളർക്കുന്ന വാർത്തയായി.
മദ്യം മയ്യഴിയുടേത്, കുടി കേരളീയർക്ക്
മയ്യഴിയിലെ മദ്യം കൂടുതലും കുടിച്ചുതീർക്കുന്നത് കേരളീയരാണ്. മയ്യഴിയുണ്ടായ കാലം മുതൽ തുടങ്ങിയതാണത്. കണ്ണൂർ- കോഴിക്കോട് ജില്ലയുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശം കേരളീയരുടെ പറുദീസയാണ്. 150 രൂപ മുതലുള്ള ഫുൾ ബോട്ടിൽ മദ്യം ഇവിടെ സുലഭം. ഈവഴി യാത്ര ചെയ്യുന്ന കേരള രജിസ്ട്രേഷൻ വാഹനങ്ങളിൽ ചിലതിന് ഇവിടെ ഒന്നു എത്തിനോക്കിയേ പറ്റൂ. കുറഞ്ഞ വിലയ്ക്ക് ഇന്ധനം അടിക്കുന്നതിനൊപ്പം ലഹരിയും നുണയാം. മയ്യഴിയിലെ പാറാൽ, പള്ളൂർ, പന്തക്കൽ തുടങ്ങിയ പ്രദേശങ്ങളും കേരളീയരുടെ ലഹരി ഭൂമിയാണ്. തലശേരി, പാനൂർ, കൂത്തുപറമ്പ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലേക്ക് മദ്യം കടത്താൻ നിരവധി ഊടുവഴികളുണ്ട്. പുഴമാർഗവും കുപ്പി എത്തും. സ്വദേശികളായ മദ്യപാനികളുടെ എണ്ണം മാഹിയിൽ വളരെ കുറവാണ്. കേരളത്തിൽ നിന്നുള്ള വാഹനങ്ങളുടെ വരവും ആളുകളുടെ ഒഴുക്കും കാത്തിരിപ്പാണ് മദ്യശാലകൾ. അതിനിടയിലാണ് കുടിയന്മാരുടെയും മദ്യശാലകൾ നടത്തുന്നവരുടെയും വയറ്റത്തടിച്ച തീരുമാനം.
ബൈറ്റ്
''മദ്യം മയ്യഴിക്കാർക്ക് മാത്രം വിറ്റാൽ മതിയെന്ന തീരുമാനം വ്യാപാരത്തെ ദോഷമായി ബാധിക്കും. മാഹിയിലെ മദ്യത്തിന്റെ ഗുണഭോക്താക്കളിൽ 90 ശതമാനവും കേരളത്തിലുള്ളവരാണ്. തീരുമാനം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നത്. -മയ്യഴിയിലെ ഒരു ബാറുടമ
ഒരു മാസം വില്പന- 16 കോടി രൂപയുടെ മദ്യം
പ്രതിമാസം എത്തുന്നത്- 80 ലോഡ് മദ്യം