കാസർകോട്: സംസ്ഥാന സർക്കാരിന്റെ 'കേരള ചിക്കൻ" പദ്ധതി പ്രകാരം ഇറച്ചിക്കോഴി വളർത്തൽ ഫാമുകൾ നടത്തുന്നവർക്ക് സുഭിക്ഷ കേരളം പദ്ധതി വഴിയുള്ള സഹായവും. ജില്ലാ കളക്ടർ ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സുഭിക്ഷ കേരളം ജില്ലാതല യോഗത്തിലാണ് തീരുമാനം. തൊഴിലാളി കർഷക സാമൂഹ്യ സഹകരണ സ്ഥാപനമായ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ഫാം ഉള്ള കർഷകർക്കാണ് പ്രഥമ പരിഗണന. പുതുതായി ഫാം പണിയാൻ താൽപര്യമുള്ള കർഷകരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ഫാമുകൾ ആരംഭിക്കുന്ന മുറക്ക് കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ ജില്ലയിൽ ആഗസ്റ്റോടെ ആരംഭിക്കും.
വിപണിയിലെ വിലയുടെ ചാഞ്ചാട്ടങ്ങളോ സ്വകാര്യ സംരംഭകരുടെ ചൂഷണങ്ങളോ ഒന്നും ബാധിക്കാതെ കർഷകരുടെ ഉടമസ്ഥതയിൽ അവർക്ക് ഉയർന്ന വളർത്തുകൂലി നൽകിക്കൊണ്ട് സ്ഥിരം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതി കർഷകർക്ക് വലിയൊരു ആശ്വാസമാകും. പദ്ധതിയിൽ അംഗമായി ഇറച്ചിക്കോഴി ഫാം വളർത്താൻ താല്പര്യമുള്ളവർക്ക് ബ്രഹ്മഗിരി വെബ് സൈറ്റിലൂടെ ഓൺലൈനായും ഗ്രാമപഞ്ചായത്ത് വഴി നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 9656493111, 6282682280.

വ്യവസ്ഥകൾ

കോഴി കുഞ്ഞിന് 130 രൂപ വിത്ത് ധനമായി അടച്ച് പദ്ധതിയിൽ അംഗമാവുന്ന കർഷകർക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ സൗജന്യമായി ലഭിക്കും. വളർച്ചയെത്തിയ കോഴികളെ പദ്ധതിയുടെ ഭാഗമായി തിരിച്ചെടുത്ത് ഫീഡ് കൺവേർഷൻ റേഷ്യോ അനുസരിച്ച് കിലോഗ്രാമിന് എട്ട് രൂപ മുതൽ 11 രൂപ വരെ വളർത്തുകൂലി നൽകും. പദ്ധതിയിൽ നിന്ന് കർഷകർ പിന്മാറുമ്പോൾ വിത്ത് ധനമായി അടച്ച തുക തിരിച്ച് ലഭിക്കും.

വായ്പയും സബ്സിഡിയും

വിത്ത് ധനത്തിനായി കർഷകർക്ക് സഹകരണ ബാങ്കുകൾ വഴി വായ്പയും പഞ്ചായത്ത് വഴി വായ്പാ സബ്‌സിഡിയും നൽകിക്കൊണ്ടുള്ള സാമ്പത്തിക സഹായവും, ഫാം നിർമാണത്തിനുള്ള സഹായവും പദ്ധതി വ്യവസ്ഥകൾക്കനുസരിച്ച് നൽകാനുമുള്ള നടപടികളും ആരംഭിക്കും.