തലശേരി: കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ച ധർമ്മടം ചാത്തോടം ഫർസാന മൽസിലിൽ ആസിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ കോഴിക്കോട് കബറടക്കി.
ആസിയ മരണപ്പെട്ടതോടെ ആ കുടുംബവുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ആളുകളുടേയും സ്രവം പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിനു പുറമെ തലശേരി മത്സ്യ മാർക്കറ്റ് അധികൃതർ അടച്ചു. മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്.
ഈ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളുടേയും സ്രവം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആസിയയെ ചികിത്സിച്ച തലശേരി സഹകരണ ആശുപത്രിയിലെ പ്രമുഖ ഡോക്ടർ ഉൾപ്പെടെ ഹൈ റിസ്കിൽപെട്ട 15 ആരോഗ്യ പ്രവർത്തകരുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
24 അംഗങ്ങളുള്ള ആസിയയുടെ കുടുംബത്തിൽ ഇതുവരെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസിയയുടെ വീട് സ്ഥിതി ചെയ്യുന്ന ധർമ്മടം പഞ്ചായത്തിൽ പെട്ട വാർഡ് പൂർണമായും അടച്ചു .ഈ വാർഡിലെ വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകാൻ വളണ്ടിയർമാരെ നിയോഗിച്ചു. സബ് കളക്ടർ ഉൾപ്പെടെ പഞ്ചായത്ത് തലത്തിൽ നടന്ന യോഗത്തിലാണ് വളണ്ടിയർമാരെ നിയോഗിക്കാൻ തീരുമാനിച്ചത്.