പട്ടുവം റോഡിൽ യാത്രക്കാർക്ക് ആശ്വാസം
പട്ടുവം: പട്ടുവം- തളിപ്പറമ്പ് റോഡിൽ കുഞ്ഞിമുറ്റം ബസ് സ്‌റ്റോപ്പിനടുത്തുള്ള സ്വകാര്യ നഴ്‌സിംഗ് കോളേജ് ഗേറ്റിനു മുന്നിൽ വാട്ടർ അതോറിറ്റിയുമായുള്ള തർക്കംമൂലം പ്രവൃത്തി മുടങ്ങിയ റോഡ് പൈപ്പ് ലൈൻ ഭാഗം ഒഴിവാക്കി ടാർ ചെയ്യാൻ പൊതുമരാമത്ത് വിഭാഗം.
മാസങ്ങൾക്ക് മുമ്പാണ് ഇവിടെ റോഡ് പ്രവൃത്തിയ്ക്കിടെ വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പ് പൊട്ടിയത്. കുടിവെള്ളം മുടങ്ങിയതോടെ നാട്ടുകാർ സമരവുമായി രംഗത്തെത്തി. തുടർന്ന് വാട്ടർ അതോറിറ്റി പൈപ്പിന്റെ ചോർച്ചയടച്ച് താൽക്കാലികപരിഹാരം കാണുകയായിരുന്നു. റോഡിലുള്ള പൈപ്പ് മാറ്റിക്കിട്ടാൻ പി.ഡബ്‌ള്യു.ഡി വാട്ടർ അതോറിറ്റിയെ സമീപിച്ചെങ്കിലും പണം അടച്ചാൽ മാത്രമെ ഇതിന് സാധിക്കുകയുള്ളുവെന്നായിരുന്നു അവരുടെ നിലപാട്. ഇതോടെയാണ് പ്രവൃത്തി മുടങ്ങിയത്.
ലോക്ക് ഡൗൺ ഇളവ് ലഭിച്ചതോടെ റോഡ് പ്രവൃത്തി പുനരാരംഭിച്ചുവെങ്കിലും വാട്ടർ അതോറിറ്റി പൈപ്പ് മാറ്റാൻ തയ്യാറായിട്ടില്ല. തങ്ങളുടെ സ്ഥലത്ത് വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈനിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാനുള്ള ബാദ്ധ്യത ജല അതോറിറ്റിക്ക് തന്നെയാണെന്നാണ് പി.ഡബ്‌ള്യു.ഡിയുടെ നിലപാട്.
ഒടുവിൽ പൈപ്പ് ലൈൻ കിടക്കുന്ന ഭാഗം ഒഴിവാക്കിയാണ് പി.ഡബ്ളു.ഡി ടാറിംഗ് നടത്തുന്നത്. ഇതോടെ പൊടി കാരണം കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഉണ്ടായ വിഷമം പരിഹരിക്കപ്പെടും. മഴയ്ക്ക് മുന്നെ റോഡ് പ്രവൃത്തി തീർക്കാനുള്ള ശ്രമത്തിലാണ് പി.ഡബ്‌ള്യു.ഡി.