പഴയങ്ങാടി:ചെന്നൈയിൽ നിന്നെത്തിയ മാടായി മുട്ടം വെള്ളച്ചാൽ സ്വദേശി വാടിക്കൽ കടവിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന റിബിൻ ബാബു(18)മരിച്ചത് കൊവിഡ് മൂലമല്ലെന്ന് പരിശോധനാഫലം.നിരീക്ഷണത്തിലിരിക്കെയാണ് യുവാവ് മരിച്ചത്.
യുവാവിന്റെ ആദ്യ കൊവിഡ് പരിശോധനാഫലവും നെഗറ്റീവായിരുന്നു. കൊവിഡ് ബാധിച്ചുള്ള മരണത്തിന്റെ സാദ്ധ്യത കുറവാണെന്ന് ആദ്യപരിശോധനയെ തുടർന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.ഈ മാസം 21നാണ് റിബിൻ ചെന്നൈയിൽ നിന്നെത്തിയത്. റിബിന് ഹൃദയ സംബന്ധമായ ചില അസുഖങ്ങൾ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. മാടായി പുതിയങ്ങാടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ താമസിച്ചു വരുന്നതിനിടെ കഴിഞ്ഞ 23ന് രാത്രി പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മരണ കാരണം ഹൃദയാഘാതം മൂലമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും മരണം സംഭവിച്ച സാഹചര്യത്തിൽ ഒരു തവണ കൂടി സ്രവ പരിശോധന നടത്തുകയായിരുന്നു. മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.