കണ്ണൂർ: ജില്ലയിൽ എട്ടു പേർക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. രണ്ടു പേർ ദുബായിൽ നിന്നും രണ്ടു പേർ മുംബൈയിൽ നിന്നും വന്നവരാണ്. ബാക്കി നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
മേയ് 17ന് ഐഎക്സ് 344 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂർ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബായിൽ നിന്നു വന്നവർ. പന്ന്യന്നൂർ സ്വദേശികളായ 64കാരനും 62കാരനും മേയ് 18നാണ് മുംബൈയിൽ നിന്നെത്തിയത്.
ധർമടം സ്വദേശികളായ ഒൻപത് വയസ്സുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസ്സുള്ള മറ്റു രണ്ടു പെൺകുട്ടികളുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവർ. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 11397 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 11232 പേർ വീടുകളിലാണ്. ഇതുവരെ ജില്ലയിൽ നിന്നും 5917 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ആകെ കൊവിഡ് ബാധിതർ 196
നിലവിൽ ചികിത്സയിൽ 77
നിരീക്ഷണത്തിൽ 11,397