കണ്ണൂർ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, വി എച്ച്.എസ്.ഇ പരീക്ഷയെഴുതി. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്കനുസൃതമായി ആശങ്കകൾക്കിട നൽകാതെയാണ് ലോക്ക് ഡൗൺ കാലത്തെ ആദ്യ പരീക്ഷ നടന്നത്.
മറ്റ് ജില്ലകളിൽ നിന്ന് സെന്റർ മാറ്റം വഴി കണ്ണൂരിൽ പരീക്ഷ എഴുതിയ 56 വിദ്യാർഥികളടക്കം 33778 പേരാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് പരീക്ഷയ്ക്ക് ഹാജരകാത്ത 15 പേരിൽ 9 പേർ മാർച്ചിലെ പരീക്ഷകളും എഴുതാത്തവരാണ്.
വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ജില്ലയിൽ 2591 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ആകെ 2623 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 30 പേർ മാർച്ചിൽ നടന്ന പരീക്ഷകളിലും ഹാജരായിരുന്നില്ല. സെന്റർ മാറ്റം കിട്ടിയ 25 പേർ കണ്ണൂർ ജില്ലയിൽ പരീക്ഷ എഴുതി. ക്വാറന്റൈൻ ചെയ്യപ്പെട്ട വീടുകളിൽ നിന്നുള്ള 19 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയും 14 പേർ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതി. ഇവർക്കായി പ്രത്യേക മുറികൾ ഒരുക്കിയിരുന്നു.
ആരോഗ്യ വകുപ്പ് നിർദേശിച്ച ക്രമീകരണങ്ങൾക്കൊപ്പം പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ നടപടികളും പരീക്ഷാ കേന്ദ്രങ്ങളിലൊരുക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ കടകൾ തുറന്നില്ല. കണ്ടെയിൻമെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരം പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും ഏർപ്പെടുത്തി.
ഒരു ക്ലാസ്സിൽ 20 വിദ്യാർഥികൾ എന്ന രീതിയിലാണ് പരീക്ഷ ഹാൾ ക്രമീകരിച്ചത്. തെർമൽ സ്‌ക്രീനിങ്ങ് നടത്തിയാണ് വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെയും സ്‌കൂൾ അധികൃതരുടെയും പി.ടി.എയുടെയും നേതൃത്വത്തിലാണ് ഓരോ സ്‌കൂളുകളിലും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്. വിദ്യാർഥികൾക്കാവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും വാഹന സൗകര്യവും ഏർപ്പാടാക്കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം സ്‌കൂളുകളിൽ അണുനശീകരണവും നടത്തി.