കാസർകോട്: ചക്ക വീണതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോടോം ബേളൂർ സ്വദേശിയായ കൊവിഡ് ബാധിതനായ യുവാവിന്റെ അടിയന്തിര ശസ്ത്രക്രിയ അനിശ്ചിതത്വത്തിൽ. അതേസമയം യുവാവിന്റെ ആദ്യപരിശോധനാ ഫലം നെഗറ്റീവായി. രോഗം ഭേദമായാൽ മാത്രമേ ശസ്ത്രക്രിയ നടക്കൂ എന്ന സൂചനയാണ് അധികൃതരിൽ നിന്ന് ലഭിക്കുന്നത്. ബേളൂർ സ്വദേശിയായ ഓട്ടോഡ്രൈവർക്ക് നാല് ദിവസം മുമ്പ് ചക്ക വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. കൈകളും കാലുകളും തളർന്നിരുന്നു. ഇതിന് അടിയന്തിര ശസ്ത്രക്രിയയും നിർദേശിക്കപ്പെട്ടു. പുതിയ സാഹചര്യതിൽ എല്ലാ ശസ്ത്രക്രിയകൾക്കു മുമ്പ് കൊവിഡ് ടെസ്റ്റ് നടത്താറുണ്ട്. ഈ പരിശോധനയിലാണ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇനി രണ്ടാമത്തെ ഫലം വന്നതിന് ശേഷം മാത്രമേ ശസ്ത്രക്രിയ നടക്കൂ എന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.
കൊവിഡ് പോസറ്റീവായ രോഗിയുടെ ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാരും തയ്യാറാകുന്നില്ലെന്നാണ് വിവരം. എന്നാൽ ഇയാൾക്ക് എങ്ങനെയാണ് രോഗം പകർന്നു കിട്ടിയതെന്ന് ഇതുവരെയും വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ നാൽപതോളം പേരുടെ സ്രവം പരിശോധന നടത്തിയിരുന്നു. അതിൽ18 എണ്ണം നെഗറ്റീവായി.