കണ്ണൂർ: കൊവിഡ് 19 രോഗം സമ്പർക്കത്തിലൂടെ വ്യാപിക്കുന്നതോടെ കണ്ണൂർ ജില്ലയിലും ആശങ്ക. ഇന്നലെ രോഗം സ്ഥിരീകരിച്ചതിലെ എട്ടിൽ നാല് പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായതാണ് പ്രതിസന്ധിയാകുന്നത്. രോഗ ബാധിതരിലെ രണ്ടു പേർ ദുബായിൽ നിന്നും രണ്ടു പേർ മുംബയിൽ നിന്നും വന്നവരാണ്. ബാക്കി നാലു പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
പത്ത് ദിവസം മുൻപ് ഐ.എക്സ് 344 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂർ സ്വദേശികളായ 13കാരനും ഏഴ് വയസുകാരിയുമാണ് ദുബായിൽ നിന്നും വന്ന രോഗികൾ. പന്ന്യന്നൂർ സ്വദേശികളായ 64കാരനും 62കാരനും തൊട്ടടുത്ത ദിവസം മുംബയിൽ നിന്നെത്തിയവരാണ്.
ധർമടം സ്വദേശികളായ ഒൻപത് വയസുകാരികളായ രണ്ടു പേരും പത്തും പതിനഞ്ചും വയസുള്ള മറ്റു രണ്ടു പെൺകുട്ടികളുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവർ. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 11397 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 58 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 66 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 23 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 18 പേരും വീടുകളിൽ 11,232 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 5917 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.