pic

പയ്യന്നൂർ: പെരിങ്ങോം ഫയർ സ്റ്റേഷനു സ്വന്തമായി കെട്ടിടം നിർമിക്കാൻ 2.51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. 2009 ലാണ് പെരിങ്ങോം ഫയർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചത്. സ്വന്തമായി കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളിലാണ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്. സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി പെരിങ്ങോം വില്ലേജിൽ റി. സ നമ്പർ 51 ൽപ്പെട്ട 0.6070 ആർ ഭൂമി റവന്യൂ വകുപ്പിൽ നിന്ന് അനുവദിച്ചിരുന്നു. നിലവിൽ പെരിങ്ങോം സ്റ്റേഷനിൽ 30 ലധികം ജീവനക്കാരും 5 വാഹനങ്ങളും നിരവധി ഉപകരങ്ങളും ഉണ്ട്. ഭരണാനുമതിയായ സ്റ്റേഷൻ കോംപ്ലക്സിൽ ഓഫീസ് റൂം, വാച്ച് റൂം, 4 ഗാരേജ്, മെഷ്യൻ റൂം, സ്റ്റോർ റൂം, കിച്ചൺ, ഡോർമെറ്ററി, ടൊയിലറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്ളത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവർത്തി എത്രയും പെട്ടന്ന് ആരംഭിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.