മാഹി: ആരോഗ്യ വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് ക്വാറന്റീനിൽ കഴിയുന്ന തലശ്ശേരി ജനറൽ ആശുപത്രി ജീവനക്കാരി ചോമ്പാൽ കറപ്പക്കുന്നു സ്വദേശി രോഗ പരിശോധനാ അന്തിമഫലം കാത്ത് നില്ക്കാതെ നാട്ടിലേക്ക് തിരിക്കാൻ കാരണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിററി വിലയിരുത്തി ആരോപിച്ചു. കാര്യങ്ങൾ നിയന്ത്രിക്കേണ്ട വകുപ്പ് തന്നെ ഇത്തരം സമീപനങ്ങൾ സ്വീകരിച്ചത് വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണെന്ന് യോഗം ചൂണ്ടികാട്ടി. ക്വാറന്റീനിൽ ഇളവ് നല്കിയ മേലുദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. പഞ്ചായത്ത് മുഴുവൻ ഹോട്ട് സ്‌പോട്ട് ആവുക വഴി മുഴുവൻ ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ദുരവസ്ഥയാണ് സംജാതമാകുന്നത്. ചെയർമാൻ കെ. അൻവർ ഹാജി, ഇ.ടി. അയ്യൂബ്, പ്രദീപ് ചോമ്പാല, പി. ബാബുരാജ്, കെ. ഭാസ്‌കരൻ ,വി.കെ. അനിൽകുമാർ, ഹാരിസ് മുക്കാളി, കെ.പി. രവീന്ദ്രൻ, സി. സുഗതൻ എന്നിവർ സംസാരിച്ചു.