കാസർകോട്: ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മറികടന്ന് അമിത വില ഈടാക്കിയ 44 ചിക്കൻ കടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടേയും ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളറുടേയും റവന്യു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് ജില്ലയിലെ വിവിധ കോഴിക്കടകളിൽ നടത്തിയ പരിശോധനയിൽ അമിത വില ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ കടകൾക്ക് ഇന്ന് നോട്ടീസ് നൽകാനും ചുരുങ്ങിയത് 5,000 രൂപ പിഴ ഈടാക്കാനും കളക്ടറേറ്റിൽ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.ഡി.എം എൻ.ദേവീദാസ് ജില്ലാ സപ്ലൈ ഓഫീസർ വി.കെ ശശിധരൻ, ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ പി.ശ്രീനിവാസ തുടങ്ങിയവർ പങ്കെടുത്തു