truk

മുംബയ്: ലോക്ക് ഡൗൺ കാലത്ത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പലായനങ്ങൾ കനിവുള്ളവരുടെ കണ്ണ് നനയിക്കും. മുംബയ് മുതൽ ഉത്തർപ്രദേശിലെ ജുവാൻപൂരിലേക്ക് എത്താൻ ഒരു കുടുംബം സഹിച്ച ത്യാഗം ചില്ലറയല്ല. മൂന്ന് ദിവസം വെള്ളം മാത്രം കുടിച്ച് മുതിർന്നവർ ജീവൻ നില നിറുത്തിയപ്പോൾ ഒന്നര വയസുകാരിയ്ക്ക് പാൽപ്പൊടി കലക്കിയ വെള്ളം മാത്രമായിരുന്നു കിട്ടിയത്.

ആശിഷ് വിശ്വകർമയും കുടുംബവുമാണ് ഈ ദുരിതം അനുഭവിച്ചത്. വിദ്യാവിഹാറിൽ മരപണിക്കാരനായിരുന്നു ആശിഷ്. കുടുംബത്തോടൊപ്പം നല്ലസോപരയിലായിരുന്നു താമസം. ലോക്ക്ഡൗൺ നീണ്ടതോടെ ഭക്ഷണത്തിന് പോലും വഴിമുട്ടി. ഇതോടെ ജന്മനാടായ ഉത്തർപ്രദേശിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

ഉത്തർപ്രദേശിലേക്ക് പോകുന്ന ഒരു ട്രക്കിൽ 6000രൂപ നൽകി കുടുംബത്തിന് ഇരിപ്പിടമുറപ്പിച്ചു. അൻപത് പേരോടൊപ്പം തിങ്ങി നിറ‌ഞ്ഞായിരുന്നു യാത്ര. പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ ട്രക്ക് നിശ്ചയിച്ചതിലും നേരത്തെ പുറപ്പെടുകയായിരുന്നു. ഇതോടെ ഭക്ഷണം കരുതാൻ സാധിക്കാത്ത കുടുംബത്തിന് വഴിയരികിൽ നിന്നും ഒന്നും ലഭിച്ചില്ല. കടുത്ത ചൂടും അനുഭവപ്പെട്ടതോടെ കുഞ്ഞും അവശയായി. നാട്ടിൽ എത്തിയതോടെ കുടുംബത്തിൽ അകലം പാലിക്കാൻ വയലിലാണ് ഇവർ കഴിയുന്നത്. നാട്ടിൽ സ്വന്തമായി കൃഷിയൊന്നും ഇവർക്കില്ല. മുംബയിലെ തൊഴിൽ മാത്രമാണ് ഇവർക്ക് അന്നത്തിനുള്ള വഴി. കൊവിഡ് നിയന്ത്രണ വിധേയമായാൽ ഉടൻ മടങ്ങാനാണ് ഇവർ ഇപ്പോഴും ചിന്തിക്കുന്നത്. ഈ ഗ്രാമത്തിലേക്ക് ദിവസവും നാലോളം ട്രക്കുകൾ മുംബയിൽ നിന്നും തൊഴിലാളികളുമായി എത്തുന്നുണ്ട്.